വള്ളിക്കുന്ന്: കടലുണ്ടി പുഴയിൽ കടലിനോട് ചേരുന്ന ഭാഗത്ത് പാലത്തിന് താഴെ രൂപപ്പെട്ട മണൽ കൂനകൾ നീരൊഴുക്കിനും വിനോദസഞ്ചാരത്തിനും തടസ്സമാകുന്നതായി പരാതി. ഈ വിഷയം ചൂണ്ടിക്കാട്ടി കേരള ഡെവലപ്മെൻറ് ഫോറം (KDF) ഭാരവാഹികൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
വർഷങ്ങളായി മണൽ അടിഞ്ഞുകൂടിയത് കാരണം പുഴയിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ടൂറിസ്റ്റ് ബോട്ടുകളുടെയും തോണികളുടെയും സഞ്ചാരത്തെ സാരമായി ബാധിക്കുന്നു. വേലിയേറ്റ സമയത്തല്ലാതെ ബോട്ടുകൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ മണൽ കൂനകളും മണ്ണും നീക്കം ചെയ്യണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത് സമീപവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമാകും.
കെ.ഡി.എഫ് സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം, ഭാരവാഹികളായ സുബൈർ പി.പി ആനങ്ങാടി, പി.എം ഷുക്കൂർ, നസ്റുദ്ധീൻ തങ്ങൾ കൊട്ടൻതല, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് പരാതി നൽകിയത്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്