വ്രതശുദ്ധിയുടെ നാളുകളിലേക്ക്; സംസ്ഥാനത്ത് പുണ്യ റമസാൻ വ്രതത്തിന് തുടക്കമായി


(മലപ്പുറം): വിശ്വാസികൾക്ക് ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിച്ച് സംസ്ഥാനത്ത് റമസാൻ വ്രതം ഇന്ന് മുതൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കിയാണ് ഇന്ന് റമസാൻ തുടങ്ങിയത്. ഒമാനിലും ഇന്നാണ് റമസാൻ മാസം ആരംഭിക്കുന്നത്. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിൽ വ്രതം ഇന്നലെ തന്നെ ആരംഭിച്ചിരുന്നു.

പ്രാർത്ഥനാ നിർഭരമായി പള്ളികൾ

സംസ്ഥാനത്തെ പള്ളികളിൽ ഇന്നലെ രാത്രി മുതൽ റമസാൻ പ്രാർഥനകൾക്കു തുടക്കമായി. റമസാനിലെ പ്രത്യേക നമസ്കാരമായ തറാവീഹിനു വിശ്വാസികളുടെ വൻ പങ്കാളിത്തമാണ് പള്ളികളിൽ കണ്ടത്. ഇനി 30 ദിനരാത്രങ്ങൾ വിശ്വാസി സമൂഹം വ്രതാനുഷ്ഠാനത്തിലും ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും സജീവമാകും.

കാരുണ്യത്തിന്റെ നാളുകൾ

മാനവരാശിക്ക് വഴികാട്ടിയായ പരിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമസാൻ. ലൈലത്തുൽ ഖദർ എന്ന പുണ്യരാവിൽ മുഹമ്മദ് നബിക്ക് അല്ലാഹുവിന്റെ ദിവ്യസന്ദേശം ലഭിച്ചതിന്റെ മഹത്തായ ഓർമ്മപ്പെടുത്തൽ കൂടിയാണിത്. വിശപ്പിന്റെ വിലയറിയാനും സഹജീവികളോട് കാരുണ്യം കാണിക്കാനും ഈ വ്രതകാലം പഠിപ്പിക്കുന്നു. സക്കാത്തിലൂടെയും സദക്കയിലൂടെയും സമ്പത്ത് ശുദ്ധീകരിക്കുന്ന കാലം കൂടിയാണിത്. പള്ളികളിലും വീടുകളിലും പ്രാർത്ഥനകൾ സജീവമാകുന്നതോടെ വൈകുന്നേരങ്ങളിലെ ഇഫ്താർ സംഗമങ്ങൾ സാഹോദര്യത്തിന്റെ വിളംബരമാകും.

Previous Post Next Post
WhatsApp