തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ (സി.ഡി.എസ്) തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഔദ്യോഗിക പാനലിന് അപ്രതീക്ഷിത തിരിച്ചടി. ചെയർപേഴ്സൺ, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് ലീഗ് നിർദ്ദേശിച്ച രണ്ട് സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. ചെയർപേഴ്സനായി റംല കക്കടവത്തും വൈസ് പ്രസിഡൻ്റായി പി. ഉമ്മു ഹബീബയും തിരഞ്ഞെടുക്കപ്പെട്ടു.
ലീഗ് ഔദ്യോഗികമായി ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡന്റ് റഷീദയെയും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ നഗരസഭാ കൗൺസിലർ പൂങ്ങാടൻ ഫാത്തിമയെയുമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇരുവരും പരാജയപ്പെടുകയായിരുന്നു.
- ചെയർപേഴ്സൺ സ്ഥാനം: മത്സരിച്ച റംല കക്കടവത്തിന് 28 വോട്ട് ലഭിച്ചപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥി റഷീദയ്ക്ക് 10 വോട്ട് മാത്രമാണ് ലഭിച്ചത്.
- വൈസ് പ്രസിഡന്റ് സ്ഥാനം: ഉമ്മു ഹബീബയ്ക്ക് 22 വോട്ടും ഔദ്യോഗിക സ്ഥാനാർത്ഥി ഫാത്തിമയ്ക്ക് 16 വോട്ടും ലഭിച്ചു.
വിജയിച്ച റംല നിലവിലെ ചെയർപേഴ്സനും മുൻ ലീഗ് നഗരസഭാ കൗൺസിലറും വനിതാ ലീഗ് ഭാരവാഹിയുമാണ്. ഉമ്മു ഹബീബ നിലവിലെ സി.ഡി.എസ് അംഗമാണ്. ഇരുവരും ലീഗ് അംഗങ്ങൾ തന്നെയാണ്.
അയൽക്കൂട്ടത്തിന്റെ ആവശ്യപ്രകാരമാണ് താൻ വീണ്ടും മത്സരിച്ചതെന്ന് റംല പറഞ്ഞു. വീണ്ടും മത്സരിക്കുന്നോ ഇല്ലയോ എന്ന് പാർട്ടി ചോദിച്ചിരുന്നില്ലെന്നും, റഷീദ, ഫാത്തിമ എന്നിവരുടെ പേര് നിർദ്ദേശിച്ചുകൊണ്ടുള്ള ഒരു മെസ്സേജ് അയക്കുക മാത്രമാണ് ലീഗ് നേതൃത്വം ചെയ്തതെന്നും റംല വ്യക്തമാക്കി.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്