തിരൂരങ്ങാടി: പരപ്പനങ്ങാടി - ചെമ്മാട് റോഡിൽ പന്താരങ്ങാടിയിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഫുട്പാത്ത് കയ്യേറി നിർമ്മിച്ചിരുന്ന അനധികൃത ഇരുമ്പ് നിർമ്മിതി പൊളിച്ചുമാറ്റി. പൊതുമരാമത്ത് വകുപ്പ് (PWD) കർശന മുന്നറിയിപ്പ് നൽകി നോട്ടീസ് പതിപ്പിച്ചതിനെ തുടർന്നാണ് വർഷങ്ങളായി നിലനിന്നിരുന്ന അപകടസാധ്യത ഒടുവിൽ ഇല്ലാതായത്.
ഡ്രൈനേജിന് മുകളിലൂടെ പൊതുജനങ്ങൾക്ക് സഞ്ചരിക്കാനുള്ള ഫുട്പാത്ത് പൂർണ്ണമായും തടസ്സപ്പെടുത്തുന്ന രീതിയിലാണ് പാസ്സേജ് ഉള്ള ഭാഗത്ത് ഇരുമ്പ് ഉപയോഗിച്ച് അനധികൃത നിർമ്മാണം നടത്തിയിരുന്നത്. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തി 'സിറാജ്' ദിനപത്രത്തിൽ വന്ന വാർത്തയെ തുടർന്ന് കേരള ഡെവലപ്മെന്റ് ഫോറം (KDF) ഭാരവാഹികൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
കെ.ഡി.എഫ് ഭാരവാഹികളായ അബ്ദുറഹീം പൂക്കത്ത്, അബ്ദുൽ അസീസ് കടലുണ്ടി, സിദ്ദീഖ് പാലക്കാട്ട്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പ് അധികൃതർ വീട്ടുടമയെ കാണാത്തതിനെ തുടർന്ന് ഗേറ്റിൽ നോട്ടീസ് പതിപ്പിച്ചു. 3 ദിവസത്തിനകം അനധികൃത നിർമ്മാണം സ്വമേധയാ പൊളിച്ചുമാറ്റണമെന്നും, അല്ലാത്തപക്ഷം പി.ഡബ്ല്യു.ഡി നേരിട്ട് നീക്കം ചെയ്ത് പിഴയും ചിലവും ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി. പൊതുഭൂമി കയ്യേറിയതിന് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. ഈ കർശന നടപടിക്ക് പിന്നാലെയാണ് നിർമ്മിതി സ്വമേധയാ പൊളിച്ചുമാറ്റിയത്. ഇതോടെ നാട്ടുകാരുടെ വർഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമായത്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്