പന്താരങ്ങാടിയിൽ നടപ്പാത കയ്യേറി അനധികൃത നിർമ്മാണം; 3 ദിവസത്തിനകം പൊളിച്ചുമാറ്റാൻ പി.ഡബ്ല്യു.ഡി നോട്ടീസ് പതിപ്പിച്ചു



തിരൂരങ്ങാടി: പരപ്പനങ്ങാടി - ചെമ്മാട് റോഡിൽ പന്താരങ്ങാടിയിൽ നടപ്പാത കയ്യേറി അനധികൃതമായി നിർമ്മിച്ച ഇരുമ്പ് നിർമ്മിതി പൊളിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പിന്റെ അന്ത്യശാസനം. വീട്ടുടമയെ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് പി.ഡബ്ല്യു.ഡി അധികൃതർ വീടിന്റെ ഗേറ്റിനുമുന്നിൽ നോട്ടീസ് പതിപ്പിച്ചു.

ഡ്രൈനേജിന് മുകളിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷിതമായി നടന്നുപോകാനുള്ള ഫുട്പാത്ത് പൂർണ്ണമായും തടസ്സപ്പെടുത്തുന്ന രീതിയിലാണ് പാസ്സേജ് ഉള്ള ഭാഗത്ത് ഇരുമ്പ് ഉപയോഗിച്ച് അനധികൃത നിർമ്മാണം നടത്തിയിട്ടുള്ളത്. ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയായി മാറിയിരുന്നു.

മാധ്യമ വാർത്തകളെ തുടർന്ന് കേരള ഡെവലപ്മെന്റ് ഫോറം (KDF) ഭാരവാഹികളായ അബ്ദുറഹീം പൂക്കത്ത്, അബ്ദുൽ അസീസ് കടലുണ്ടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, സുബൈർ പി.പി, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.ഡബ്ല്യു.ഡി നടപടി കർശനമാക്കിയത്.

3 ദിവസത്തിനകം അനധികൃത നിർമ്മാണം വീട്ടുടമസ്ഥൻ സ്വമേധയാ പൊളിച്ചുമാറ്റി പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണം. അല്ലാത്തപക്ഷം വകുപ്പ് നേരിട്ട് ഇവ നീക്കം ചെയ്യുകയും, ഇതിനുവരുന്ന ചിലവും പിഴയും ഉടമയിൽ നിന്നും ഈടാക്കുകയും ചെയ്യും. കൂടാതെ പൊതുഭൂമി കയ്യേറിയതിന് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് (Highway Protection Act) പ്രകാരമുള്ള കർശന നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഗേറ്റിനു മുമ്പിൽ പതിപ്പിച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp