തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ ശാരീരിക-ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന മുഴുവൻ ഭിന്നശേഷി കുട്ടികളെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'ഒരുമയിൽ ഒരിടം' കൂട്ടായ്മയ്ക്ക് രൂപം നൽകി. വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര, ലെവൽ മൂഞ്ചാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലെവൽ മൂഞ്ചാടി ക്ലബ്ബിൽ വെച്ചാണ് രൂപീകരണ യോഗം നടന്നത്.
കുട്ടികളുടെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനൊപ്പം അവർക്ക് ആവശ്യമായ തെറാപ്പി സൗകര്യങ്ങൾ ഒരുക്കുകയുമാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര സെക്രട്ടറി റസീന ടീച്ചർ അറിയിച്ചു.
സംഘടനയുടെ പ്രസിഡന്റ് നൗഷാദ്, ലെവൽ മൂഞ്ചാടി പ്രസിഡന്റ് സലിം, സെക്രട്ടറി ജംഷീ, ജോയിന്റ് സെക്രട്ടറി ഇബ്രാഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ, റസാഖ് ഹാജി തുടങ്ങി ക്ലബ്ബിലെ നിരവധി അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ പുരോഗതിക്കായി വിപുലമായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കും