ഡോ.റുവൈസ് അഴിക്കുള്ളില്‍ തന്നെ, അതീവ ഗൗരവമുള്ള കുറ്റം, ജാമ്യം നല്‍കാനാകില്ലെന്ന് കോടതി
തിരുവനന്തപുരം - ഡോ.ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.റുവൈസ് അതീവ ഗുരുതരമായ കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും അതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്നും കോടതി. തിരുവനന്തപുരം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ വെഞ്ഞാറമൂട് സ്വദേശിനിയായ ഷഹനയുടെ മരണത്തില്‍ സുഹൃത്തും സഹപാഠിയും മെഡിക്കല്‍ പി.ജി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു ഡോ. റുവൈസ് അറസ്റ്റിലായിരുന്നു .ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റുവൈസിന്റെ പിതാവിനെ കേസില്‍ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഡോ.ഷഹനയും ഡോ.റുവൈസും തമ്മില്‍ നിശ്ചയിച്ച വിവാഹം നടക്കണമെങ്കില്‍ ബി.എം.ഡബ്ല്യു കാര്‍ വേണമെന്നും 15 ഏക്കര്‍ സ്ഥലവും അതിന് പുറമേ സ്വര്‍ണവും സ്ത്രീധനമായി വേണമെന്ന് വരനും വീട്ടുകാരും ശാഠ്യം പിടിക്കുകയായിരുന്നു. വിവാഹത്തിനായി വീട് പെയിന്റ് പണി അടക്കം നടത്തിയ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയതെന്നും തുടര്‍ന്നാണ് വിവാഹം നടക്കാത്ത സാഹചര്യം ഉണ്ടായതെന്നുമാണ് പരാതി. ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ. ഷഹന കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഡോ. ഷഹനയെ അനസ്‌തേഷ്യാ മരുന്ന് അമിതമായി കുത്തിവെച്ച് ഫ്‌ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. കൂട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.