അരീക്കോട്ടെ നിയന്ത്രണങ്ങളില്‍ വ്യാപക വിമര്‍ശനം; അച്ചടിപ്പിശകെന്ന് പോലീസ്, നിയന്ത്രണം 10 മണിക്ക് ശേഷം.

അരീക്കോട് പൊലീസ് സ്റ്റേഷൻ


അരീക്കോട്ടെ നിയന്ത്രണങ്ങളില്‍ വ്യാപക വിമര്‍ശനം; അച്ചടിപ്പിശകെന്ന് പോലീസ്, നിയന്ത്രണം 10 മണിക്ക് ശേഷം


കോഴിക്കോട്: പുതുവര്‍ഷത്തോട് അനുബന്ധിച്ച് അരീക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള നോട്ടീസില്‍ വ്യാപക വിമര്‍ശനം. പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടര്‍ഫുകള്‍, ബോട്ടുകള്‍ എന്നിവ നേരത്തെ അടയ്ക്കുന്നത് സംബന്ധിച്ച് സ്ഥാപന ഉടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനത്തിന് കാരണമാവുന്നത്. പുതുവര്‍ഷത്തലേന്ന് സ്ഥാപനങ്ങള്‍ എട്ടുമണിക്ക് മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന തരത്തിലുള്ള നോട്ടീസാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതും വിമര്‍ശിക്കപ്പെട്ടതും.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച നോട്ടീസ്‌




അരീക്കോട് പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒയുടെ പേരിലുള്ളതാണ് നോട്ടീസ്. ഹോട്ടലുകളും കുള്‍ബാറുകളും എട്ടു മണിക്ക് അടക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. റിസോര്‍ട്ടുകളില്‍ പുതുവര്‍ഷത്തലേന്ന് ഡി.ജെ. പരിപാടികള്‍, ക്യാമ്പ് ഫയറുകള്‍ എന്നിവ അനുവദിക്കുന്നതല്ല. എട്ടു മണിക്കുശേഷം പുതിയ സന്ദര്‍ശകരെ സ്വീകരിക്കാന്‍ പാടില്ല. ടര്‍ഫ് ഗ്രൗണ്ടുകള്‍ കൃത്യം എട്ടുമണിക്ക് അടച്ചിരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

ബോട്ടു സര്‍വീസും പടക്കക്കടകളും അഞ്ച് മണിക്ക് അടച്ചിരിക്കണമെന്നാണ് നിര്‍ദേശം. പുതുവര്‍ഷത്തെ സമാധാനപരമായി വരവേല്‍ക്കുന്നതിന് ഞായറാഴ്ച മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നാണ് ഉടമകളെ അറിയിച്ചത്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാതിരിക്കുകയും കടയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ അതിന്റെ ഉത്തരവാദി കടയുടമയായിരിക്കുമെന്നും നോട്ടീസിലുണ്ട്. സി.ആര്‍.പി.സി. 149 പ്രകാരമായിരിക്കും നടപടിയെന്നും മുന്നറിയിപ്പ് നല്‍കി.

കോഗ്നിസിബിള്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിന് അധികാരം നല്‍കുന്ന വകുപ്പാണ് സി.ആര്‍.പി.സിയുടെ 149. പുതുവര്‍ഷ തലേന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ വകുപ്പ് ഉപയോഗിക്കുന്നത് അധികാരപരിധിക്ക് പുറത്താണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നോട്ടീസിലെ സമയം അച്ചടി പിശകാവാമെന്നാണ് പോലീസ് ഭാഷ്യം. പത്ത് മണിക്കുശേഷമാണ് നിയന്ത്രണമെന്നും അരീക്കോട് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞു.

Previous Post Next Post
WhatsApp