വാണ്ടറേഴ്സില്‍ ഇന്ത്യയ്ക്ക് സുദർശനം; പ്രോട്ടീസിനെതിരെ എട്ടു വിക്കറ്റ് ജയം
ജോഹന്നാസ്ബർഗ്: വാണ്ടറേഴ്‌സിലെ സൂപ്പർ സൺഡേയിൽ ആതിഥേയരെ മുക്കിക്കളഞ്ഞ് യുവ ഇന്ത്യ. അർശ്ദീപ് സിങ്ങിന്റെയും ആവേശ് ഖാന്റെയും പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം വെറും 16.4 ഓവറിലാണ് നീലപ്പട മറികടന്നത്. എട്ടു വിക്കറ്റ് കൈയിലിരിക്കെയാണ് ഇന്ത്യൻ വിജയം. അർശ്ദീപിന്റെ അഞ്ചു വിക്കറ്റ് നേട്ടത്തിനൊപ്പം സായ് സുദർശന്റെ അരങ്ങേറ്റ ഫിഫ്റ്റിയും വിജയമധുരം ഇരട്ടിയാക്കുന്നു.
രണ്ടാം ഇന്നിങ്‌സിൽ മറ്റൊരു പിച്ചിൽ ബാറ്റ് വീശുന്ന പോലെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. അരങ്ങേറ്റക്കാരൻ സായ് സുദർശനും ശ്രേയസ് അയ്യരും അനായാസമാണ് ബാറ്റേന്തിയത്. നാലാം ഓവറിൽ ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദിനെ(അഞ്ച്) പുറത്താക്കാനായത് ഒഴിച്ചുനിർത്തിയാൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വസിക്കാൻ പോലും ഒരു അവസരവും നൽകിയില്ല സായും അയ്യരും. തുടക്കത്തിൽ സായ് സുദർശനെ പുറത്താക്കാൻ കിട്ടിയ ഒരു റണ്ണൗട്ട് അവസരം തുലച്ചുകളഞ്ഞതിനു ശരിക്കും ശിക്ഷയായി താരത്തിന്റെ ഫിഫ്റ്റി പ്രകടനം.
അയ്യർ ക്രീസിൽ കാലു കുത്തി ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ലോകകപ്പിലെ ഫോം ഓർമിപ്പിച്ചാണു തുടങ്ങിയത്. പിന്നീടങ്ങോട്ട് പ്രോട്ടിയാസ് ബൗളർമാർക്ക് ഒരു വിശ്രമവും നൽകിയില്ല താരം. ഒടുവിൽ ആൻഡിലെ ഫെഹ്ലൂക്വായോയുടെ ഗുഡ് ലെങ്ത്ത് പന്ത് ഓഫ്‌സൈഡിലൂടെ ബൗണ്ടറിയിലേക്കു പറത്താനുള്ള നീക്കം പാളി. പോയിന്റിൽ ഡേവിഡ് മില്ലറിന് അനായാസ ക്യാച്ച് നൽകി താരം മടങ്ങുമ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും ആറ് റൺസായിരുന്നു. 45 പന്തിൽ ആറ് ഫോറും ഒരു സിക്‌സും പറത്തി 52 റൺസെടുത്താണ് അയ്യർ മടങ്ങിയത്.
41 പന്തിൽ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി കുറിച്ച സായ് സുദർശൻ 55 റൺസുമായി പുറത്താകാതെ നിന്നു. 43 പന്തിൽനിന്ന് ഒൻപത് ബൗണ്ടറി സഹിതമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.