സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പ്
ന്യൂദല്‍ഹി-ശ്രദ്ധിച്ചില്ലെങ്കില്‍ ഉയര്‍ന്ന അപകട സാധ്യതയുണ്ടെന്ന് സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സാംസങ് ഗാലക്‌സി ഫോണുകളുടെ ഉപയോക്താക്കള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈയാഴ്ച അധിക സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.
ദശലക്ഷക്കണക്കിന് സാംസങ് ഗാലക്‌സി ഫോണുകളെ ബാധിക്കുന്ന ഒന്നിലധികം സാധ്യതകളാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ (CERT-In) മുന്നറിയിപ്പ് നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പഴയതും പുതിയതുമായ മോഡലുകളെ ബാധിക്കുന്ന വൈറസ് ആക്രമണങ്ങളാണ് ഡിസംബര്‍ 13ന് പുറപ്പെടുവിച്ച സുരക്ഷാ അലേര്‍ട്ടില്‍ പറയുന്നത്. സാംസങ് ഉപയോക്താക്കള്‍ അവരുടെ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമോ ഫേംവെയറോ ഉടനടി അപ്‌ഡേറ്റ് ചെയ്യണമെന്നാണ് പരിഹാരമായി നിര്‍ദേശിക്കുന്നത്.
സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സെന്‍സിറ്റീവ് വിവരങ്ങള്‍ കരസ്ഥമാക്കാനും ഹാക്കര്‍മാരെ അനുവദിക്കുന്ന ഒന്നിലധികം തകരാറുകളാണ് സാംസങ് ഉല്‍പ്പന്നങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സി.ഇ.ആര്‍.ടി കുറിപ്പില്‍ പറയുന്നു.
ഭീഷണിക്ക് സാധ്യതയുള്ള സോഫ്റ്റ്‌വെയറില്‍ സാംസങ് മൊബൈല്‍ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ 11, 12, 13, 14 എന്നിവ ഉള്‍പ്പെടുന്നു. ഫോണുകളുടെ സുരക്ഷയിലാണ് തകരാറുകള്‍ കണ്ടെത്തിയത്. ഇതുവഴി സൈബര്‍ കുറ്റവാളികള്‍ക്ക് ഫോണിന്റെ രഹസ്യ കോഡ് അടക്കം കരസ്ഥമാക്കാന്‍ കഴിയും.