തിരൂരങ്ങാടിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ: നഗരസഭ പരിശോധിച്ച് നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
തിരൂരങ്ങാടി: തിരൂരങ്ങാടി വടക്കേ മമ്പുറത്ത് ഒരു വീട്ടിലും ക്വാർട്ടഴ്സിലുമായി വൃത്തിഹീനമായ സാഹചര്യത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം തിരൂരങ്ങാടി മുനിസിപ്പാലിറ്റി അധികൃതർ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇതിനാവശ്യമായ പോലീസ് സഹായം തിരൂരങ്ങാടി എസ് എച്ച് ഒ നൽകണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഇതര സംസ്ഥാന തൊഴിലാളികൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും പ്രദേശവാസികളുടെ സ്വസ്ഥതയ്ക്ക് ഭീഷണിയാവുന്നില്ലെന്നും തിരൂരങ്ങാടി എസ് എച്ച് ഒ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ തിരൂരങ്ങാടി നഗരസഭാ സെക്രട്ടറിയും എസ് എച്ച് ഒ യും 2 മാസത്തിനകം കമ്മീഷനെ അറിയിക്കണം.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിലോ താമസമോ നിഷേധിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. രാജ്യത്ത് ആർക്കും എവിടെയും ജോലി ചെയ്യാനും താമസിക്കാനുമുള്ള സൗകര്യം ഭരണഘടന ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ നിയമങ്ങളെ നഗ്നമായി വെല്ലുവിളിക്കുന്നത് അനുവദിക്കാൻ കഴിയില്ല. മതിയായ സൗകര്യങ്ങൾ നൽകാതെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്ന വിധത്തിൽ ഇതര സംസ്ഥന തൊഴിലാളികളെ താമസിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു.
മണ്ടയാപ്പുറത്ത് മൊയ്തീൻകുട്ടി എന്നയാളാണ് അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് പൊതുപ്രവർത്തകനായ അബ്ദുൾ റഹിം പാക്കത്ത് ന സമർപ്പിച്ച പരാതിയിൽ പറയുന്നു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും അക്രമവാസനയും കാരണം ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
അനധികൃതമായി താമസിപ്പിച്ചിട്ടുള്ളവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും കെട്ടിടെ ഉടമ നടപടി സ്വീകരിച്ചില്ലെന്ന് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കെട്ടിടം ഉടമയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ പരാതി തിരൂരങ്ങാടി പോലീസിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.