ലഹരി പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ
വെബ്ബ് ഡെസ്ക് | 27-04-2026
എറണാകുളം: മൂവാറ്റുപുഴയിൽ പോലീസിന്റെ ലഹരി പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ തൈപ്പറമ്പ് സ്വദേശി ടോണി സാബു (23) ആണ് ലഹരിമരുന്ന് വിഴുങ്ങിയത്.
ഇന്നലെ വൈകുന്നേരം നാലരയോടെ കിഴക്കേക്കരയിലെ രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു സംഭവം. നാലുപേർ ലഹരി ഉപയോഗിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ഇവിടെ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
തുടർന്ന് ഇവരെ പരിശോധിക്കുന്നതിനിടെ പോലീസ് പിടിയിലാകുമെന്ന് ഭയന്ന ടോണി താൻ സൂക്ഷിച്ചിരുന്ന എംഡിഎംഎ വിഴുങ്ങുകയായിരുന്നു. ഇതിനെത്തുടർന്ന് അവശനിലയിലായ ടോണിയെ ഉടൻ തന്നെ പോലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രി വിട്ടാലുടൻ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
English Summary: A 23-year-old man named Tony Sabu from Thodupuzha was hospitalized after swallowing MDMA during a police drug raid in Muvattupuzha. Police had arrived at a secret location following a tip-off about substance abuse. Tony is currently under treatment at Kottayam Medical College, and his condition is reported to be stable.