തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം: 6 മരണം സ്ഥിരീകരിച്ചു
വെബ്ബ് ഡെസ്ക് | 21-04-2026
തൃശ്ശൂർ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 6 പേർ ദാരുണമായി മരണപ്പെട്ടു. തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന സതീശൻ എന്ന ലൈസൻസിയുടെ നിർമ്മാണശാലയിലാണ് ഇന്ന് വൈകുന്നേരത്തോടെ സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസ്ഥലത്ത് തീ പടർന്നുപിടിച്ചതും തുടർച്ചയായ സ്ഫോടനങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്. തീയണയ്ക്കാതെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സ്ഥലത്ത് പോലീസും ആംബുലൻസുകളും ഉടൻ തന്നെ എത്തിയെങ്കിലും, വഴി ഇടുങ്ങിയതായതിനാൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് സംഭവസ്ഥലത്തേക്ക് എത്താൻ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് അഗ്നിശമന സേനാംഗങ്ങൾ അപകടസ്ഥലത്തേക്ക് പ്രവേശിച്ചത്. കെട്ടിടത്തിനുള്ളിൽ ഇനിയും എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യത്തിൽ ഔദ്യോഗികമായി വ്യക്തത വന്നിട്ടില്ല. കിലോമീറ്ററുകൾ ദൂരേക്ക് വരെ പ്രകമ്പനം അനുഭവപ്പെട്ട സ്ഫോടനം, തൃശ്ശൂർ പൂരം വെടിക്കെട്ട് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ നിൽക്കെയാണ് ഉണ്ടായിരിക്കുന്നത്.
English Summary:
A massive explosion occurred at a firecracker manufacturing unit in Mundathikode, Thrissur, resulting in five deaths. The facility, licensed to Satheesan for Thiruvambady group's fireworks preparations, faced intense fire and secondary explosions, hindering rescue operations. Several injured have been admitted to Thrissur Medical College Hospital. Fire and Rescue services accessed the site by breaking a nearby wall due to narrow access roads.