
മലപ്പുറം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദീകരിച്ച് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ നടത്തുന്ന വാർത്താ സമ്മേളനം.
മലപ്പുറം പോളിംഗിന് സജ്ജം: 36.2 ലക്ഷം വോട്ടര്‍മാര്‍ ഏപ്രില്‍ ഒന്‍പതിന് പോളിങ് ബൂത്തിലേക്ക്
<small>വെബ് ഡെസ്ക് | 08 ഏപ്രിൽ 2026</small>
- വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ
- ക്രമസമാധാന പാലത്തിനായി 4729 സേനാംഗങ്ങള്‍
- 3689 പോളിങ് ബൂത്തുകളിലായി 17708 പോളിങ് ഉദ്യോഗസ്ഥര്‍
- പോളിങ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം അവസാനഘട്ട തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്.
16 നിയമസഭാ മണ്ഡലങ്ങളിലായി 36,32,210 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 18,19,198 പുരുഷ വോട്ടര്‍മാരും 18,12,974 സ്ത്രീ വോട്ടര്‍മാരും 38 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. ഭിന്നശേഷി വിഭാഗത്തിലായി 29,300 വോട്ടര്‍മാരും, 85 വയസിന് മുകളില്‍ പ്രായമുള്ള 14,168 വോട്ടര്‍മാരും 41,962 പ്രവാസി വോട്ടര്‍മാര്‍, 1,11,463 കന്നി വോട്ടര്‍മാര്‍, 1,831 സര്‍വീസ് വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടര്‍മാരുടെ കണക്ക്. ഏഴ് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള 3689 പോളിങ് ബൂത്തുകളിലായി 17708 പോളിങ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ചിട്ടുള്ളത്. 15 സ്ഥലങ്ങളിലായി 43 പ്രശ്‌ന സാധ്യത ബൂത്തുകളാണ് ഉള്ളത്. 48 മാതൃകാ ബൂത്തുകള്‍, 80 പിങ്ക് ബൂത്തുകള്‍, ഭിന്നശേഷിക്കാര്‍ ഉദ്യോഗസ്ഥരായ മൂന്ന് ബൂത്തുകള്‍ എന്നിങ്ങനെയാണ് ജില്ലയിലെ പോളിങ് ബൂത്തുകളുടെ കണക്ക്. പോളിങ് ബൂത്തുകളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൂറു ശതമാനവും വെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ആറ് പൊതു നിരീക്ഷകര്‍, നാല് ചെലവു നിരീക്ഷകര്‍, ഒരു പൊലീസ് നിരീക്ഷകനുള്‍പ്പെടെ 11 കേന്ദ്ര നിരീക്ഷകരാണ് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ നിരീക്ഷിക്കാനുണ്ടായിരുന്നത്. 3689 പോളിങ് സ്റ്റേഷനുകളിലായി 4427 വീതം പ്രസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, 8854 പോളിങ് ഓഫീസര്‍, 351 വീതം സെക്ടറല്‍ ഓഫീസറും സെക്ടറല്‍ അസിസ്റ്റന്റും 1238 റൂട്ട് ഓഫീസറെയുമാണ് 56 മൈക്രോ ഒബ്‌സര്‍വര്‍മാരെയുമാണ് തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്ന് രണ്ട്, മൂന്ന് ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനായി ജിപിഎസ് സംവിധാനമുള്ള 1258 വാഹനങ്ങള്‍ (1122 ഹെവി, 136 ലൈറ്റ്) സജ്ജമാണ്.
ജില്ലയില്‍ ഹോം വോട്ടിംഗ് നൂറ് ശതമാനവും പൂര്‍ത്തിയായി. ഫോം 12 സമര്‍പ്പിച്ച 16,106 പേര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു. ജില്ലയില്‍ ആകെ 16 വിതരണ സ്വീകരണ കേന്ദ്രങ്ങളും ഏഴ് ലൊക്കേഷനുകളിലായി സ്‌ട്രോങ് റൂം സജ്ജമാണ്. 95 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സരരംഗത്തുള്ളത്.
ക്രമസമാധാനം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 4729 സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 58 കമ്പനി കേന്ദ്രസേനയ്ക്ക് പുറമെ കര്‍ണാടക, തമിഴ്നാട് പോലീസും കേരള എ.പി ബറ്റാലിയനും ഉള്‍പ്പെടുന്നു. പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് ഉറപ്പാക്കും. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമുകള്‍ക്ക് കേന്ദ്രസേനയെയും ലോക്കല്‍ പോലീസിനെയും ഉള്‍പ്പെടുത്തി മൂന്ന് തട്ടുകളിലുള്ള സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ലഹരിവേട്ടയും പിടിച്ചെടുക്കലുകളും
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ 2.25 കോടി രൂപ, 4.35 കോടിയുടെ വസ്തുക്കള്‍, 9.5 ലക്ഷത്തിന്റെ മദ്യം, 15.26 ലക്ഷം രൂപ വരുന്ന ലഹരി വസ്തുക്കള്‍ എന്നിവ പിടികൂടി. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണവും, സൈബര്‍ ഇടങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ തടയാന്‍ സൈബര്‍ സെല്ലിന്റെ പരിശോധനയും ശക്തമാണ്.
English Summary:
Malappuram district is fully prepared for the upcoming assembly elections on April 9. A total of 36.32 lakh voters across 16 constituencies will cast their votes in 3689 polling booths. Security has been tightened with the deployment of 4729 security personnel including central forces and police. All polling materials will be distributed by Wednesday, and strong room security is highly maintained. The district collector confirmed that all basic facilities and webcasting have been set up in the polling booths.