ശ്രീനന്ദയുടെ മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി; ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്കിടെയുണ്ടായ തിരച്ചിൽ സങ്കടകരമായ അന്ത്യത്തിലേക്ക് 💔
വെബ് ഡെസ്ക്, 10 ഏപ്രിൽ 2026
ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. നാല് ദിവസം നീണ്ടുനിന്ന അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുതന്നെ മൃതദേഹം ലഭിച്ചത്. വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള അതീവ അപകടകരമായ ചെങ്കുത്തായ ഭാഗത്ത്, ഏകദേശം 1500 അടി താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം വെച്ച് സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം മലയിറങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബം നേരത്തെ സംശയിച്ചിരുന്നെങ്കിലും, ആഴമേറിയ കൊക്കയിൽ വീണതാണ് മരണകാരണമെന്ന് വ്യക്തമായി.
പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവരടങ്ങിയ നൂറംഗ പ്രത്യേക സംഘമാണ് തിരച്ചിൽ നടത്തിയത്. തെർമൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരിശോധന.
English Summary:
The body of 15-year-old Sreenanda, a native of Palakkad, who went missing during a trip to Chikmagalur, Karnataka, has been found. After a four-day search, her body was recovered from a 1500-foot-deep gorge near the Manikhyadhara waterfalls.