തിരൂരങ്ങാടി വില്ലേജിൽ ഭൂനികുതി അടയ്ക്കാൻ കഴിയാത്ത അവസ്ഥ: ജനങ്ങൾ ദുരിതത്തിൽ

തിരൂരങ്ങാടി വില്ലേജിൽ ഭൂനികുതി അടയ്ക്കാൻ കഴിയാത്ത അവസ്ഥ: ജനങ്ങൾ ദുരിതത്തിൽ

​വെബ് ഡെസ്ക്, 27-04-2026

​തിരൂരങ്ങാടി വില്ലേജിലെ ഭൂനികുതി അടയ്ക്കാൻ കഴിയാതെ നാട്ടുകാർ ദുരിതത്തിൽ. ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയായെങ്കിലും, റിലീസ് സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ തിരൂരങ്ങാടി മുൻസിപ്പാലിറ്റിയെ 'പഞ്ചായത്ത്' എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിനെത്തുടർന്ന് ഭൂനികുതിയും ഡിജിറ്റൽ സർവേ ചാർജും പഞ്ചായത്ത് തലത്തിലുള്ള നിരക്കിലാണ് കാണിക്കുന്നത്, ഇത് മൂലം നികുതി അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
​ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത് ലാൻഡ് റവന്യൂ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, അസിസ്റ്റന്റ് കമ്മീഷണർ, തിരൂരങ്ങാടി നഗരസഭയാണെന്ന് തെളിയിക്കുന്ന ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ട് പരാതി തിരിച്ചയക്കുകയാണുണ്ടായത്.
​ബാങ്ക് ലോണുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കും സമർപ്പിക്കേണ്ട നികുതി രസീത് ലഭിക്കാത്തത് കാരണം പൊതുജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. അടിയന്തരമായി ഈ സാങ്കേതിക തകരാറുകൾ പരിഹരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഗസറ്റ് വിജ്ഞാപനം പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ അപ്പ്രൂവ് ചെയ്ത ശേഷം, പാലക്കാട് എൻ.ഐ.സി (NIC) ഓഫീസിലേക്ക് പ്രശ്നം പരിഹരിക്കാനായി അയച്ചിട്ടുണ്ട്. എന്നാൽ സിസ്റ്റത്തിൽ 'പഞ്ചായത്ത്' എന്നതിന് പകരം 'നഗരസഭ' എന്ന് തിരുത്തി വരാൻ ഇനിയും ആഴ്ചകൾ വൈകുമെന്നാണ് സൂചന. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
​English Summary:
Residents of Tirurangadi village are facing severe difficulties as they are unable to pay land taxes due to a technical error in the digital survey software. The system incorrectly classifies Tirurangadi Municipality as a "Panchayat," leading to errors in tax calculations. This has hindered citizens from obtaining tax receipts essential for bank loans and other official services. Despite complaints filed with the Land Revenue Commissioner, the issue remains unresolved, with authorities indicating it may take weeks to correct the classification in the system.
Previous Post Next Post
WhatsApp