🚌 ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം; മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദ്ദേശം

ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം; മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദ്ദേശം

വെബ് ഡെസ്ക്

10-04-2026

കോഴിക്കോട്: സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേജ് കാര്യേജുകളിലും സീറ്റുകൾ തമ്മിൽ നിയമാനുസൃതമായ അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയത്.

​അനുവദനീയമായ സീറ്റുകളേക്കാൾ കൂടുതൽ ബസുകളിൽ കുത്തിനിറച്ച് സ്ഥാപിക്കുന്നത് യാത്രക്കാരുടെ കാൽമുട്ടുകൾ സീറ്റുകൾക്കിടയിൽ കുടുങ്ങാനും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കാനും കാരണമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പേരാമ്പ്ര സ്വദേശി ടി.സി. വിജീഷ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.

​സീറ്റുകൾ തമ്മിൽ പുറകിലേക്കുള്ള അകലം കുറഞ്ഞത് 68.5 സെന്റീമീറ്റർ ഉണ്ടായിരിക്കണമെന്ന് കോഴിക്കോട് ആർ.ടി.ഒ കമ്മീഷനെ അറിയിച്ചു. വരും ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസുകളിൽ കർശന പരിശോധന നടത്തും. നിയമലംഘനം കണ്ടെത്തിയാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും, യാത്രക്കാർക്ക് പരാതിയുള്ള പക്ഷം ബസ് നമ്പർ സഹിതം അറിയിച്ചാൽ ഉടനടി നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ ഉറപ്പുനൽകുന്നു.

English Summary: The Human Rights Commission has directed the Transport Commissioner to ensure the mandatory distance between seats in all stage carriages (buses) in Kerala to avoid inconvenience to passengers.

Previous Post Next Post
WhatsApp