എടപ്പാളിൽ യുവതിക്ക് പാമ്പുകടിയേറ്റു; സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കുതിച്ചുയരുന്നു, ഇന്നലെ മാത്രം കടിയേറ്റത് 23 പേർക്ക്; ആന്റിവെനം പ്രതിസന്ധി തുടരുന്നു..!
വെബ് ഡെസ്ക്, 27-04-2026
എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ചിറക്കൽ സ്വദേശിനിയായ ഷഹല തസ്നിക്കാണ് ഇന്ന് സ്വന്തം വീട്ടിലെ മേശയ്ക്ക് സമീപത്ത് നിൽക്കുമ്പോൾ പാമ്പുകടിയേറ്റത്.
കാല്പാദത്തിൽ ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ എടപ്പാലിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഷഹല അബോധാവസ്ഥയിലാണെന്നും ഏത് ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 23 പാമ്പുകടി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കേരളത്തിൽ കാണപ്പെടുന്ന എട്ടിനം അണലികളുടെ വിഷത്തിന് ഫലപ്രദമായ ആന്റിവെനം ഇതുവരെ വികസിപ്പിച്ചിട്ടില്ല എന്നത് ചികിത്സാ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം പാമ്പുകൾ കടിച്ചാൽ ലക്ഷണങ്ങൾ നോക്കി ചികിത്സിക്കുക മാത്രമാണ് നിലവിൽ ഡോക്ടർമാർക്ക് മുന്നിലുള്ള പോംവഴി.
കുഴിമണ്ഡലി വിഭാഗത്തിൽപ്പെട്ട പാമ്പുകളാണ് ഇത്തരം അപകടങ്ങളിൽ ഭൂരിഭാഗത്തിനും പിന്നിലെന്നാണ് കണ്ടെത്തൽ. ഇവയിൽ തന്നെ മുഴമൂക്കൻ കുഴിമണ്ഡലികൾ അതീവ അപകടകാരികളാണ്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വിഷബാധകളിൽ നാലിലൊന്നിനും കാരണമാകുന്നത് ഈ ഇനത്തിൽപ്പെട്ട പാമ്പുകളാണ്. വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങളിലും റബ്ബർ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഇവയെ വ്യാപകമായി കണ്ടുവരുന്നു.
ആന്റിവെനം വികസിപ്പിക്കണമെന്ന ആരോഗ്യ-വനം വകുപ്പുകളുടെ സംയുക്ത ശുപാർശയിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കൂടാതെ, ആന്റിവെനം നിർമ്മാണത്തിന് ആവശ്യമായ വിഷം കേരളത്തിൽ നിന്ന് കൂടി ശേഖരിക്കണമെന്ന ആവശ്യവും കേന്ദ്ര മന്ത്രാലയത്തിന്റെ പരിഗണനയിൽ ഒതുങ്ങിനിൽക്കുകയാണ്.
English Summary:
A 21-year-old woman, Shahala Tasni from Chirakkal, Edappal, was bitten by a snake while at home today. She is currently in the ICU at a private hospital in Kunnamkulam. Snakebite cases are rising alarmingly in Kerala, with 23 cases reported yesterday alone. The lack of effective anti-venom for the eight species of vipers found in Kerala remains a major challenge. Experts emphasize the dangers posed by pit vipers, and there is growing criticism over the government's delay in addressing the demand for local anti-venom production.