"ജ്ജ് എന്റെ വയസ്സും പറഞ്ഞ് എന്നെ വീട്ടിലിരുത്താൻ നോക്കണ്ട"; 85-ാം വയസ്സിലും കരുത്തോടെ ബൂത്തിലെത്തി തൃക്കുളം കൃഷ്ണൻകുട്ടി നായർ
| തൃക്കുളം കൃഷ്ണൻകുട്ടി നായർ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 99-ാം പോളിംഗ് ബൂത്തിൽ നിന്നും വോട്ട് ചെയ്തതിനു ശേഷം ബി എൽ ഒ ഷംസുദ്ദീൻ കാനാഞ്ചേരിയോടൊപ്പം |
വെബ്ബ് ഡെസ്ക് | 22-03-2026
തിരൂരങ്ങാടി: പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ച്, വാർദ്ധക്യസഹജമായ അവശതകളെ അവഗണിച്ച് വോട്ട് ചെയ്യാൻ ബൂത്തിലെത്തി മാതൃകയായി പ്രശസ്ത കാഥികനും നടനുമായ തൃക്കുളം കൃഷ്ണൻകുട്ടി നായർ. 85 വയസ്സിന് മുകളിലുള്ളവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹോം വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് നിരസിച്ചാണ് അദ്ദേഹം നേരിട്ട് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
"ജ്ജ് എന്റെ വയസ്സും പറഞ്ഞ് എന്നെ വീട്ടിലിരുത്താൻ നോക്കണ്ടാ..." എന്ന് സ്‌നേഹപൂർവ്വം അധികൃതരോട് പറഞ്ഞ് ഹോം വോട്ടിംഗ് സൗകര്യം നിഷ്‌കരുണം തള്ളിക്കളഞ്ഞാണ് അദ്ദേഹം തന്റെ പൗരാവകാശം വിനിയോഗിക്കാൻ കാച്ചടി പി.എം.എസ്.എ.എൽ.പി സ്കൂളിലെ 99-ാം നമ്പർ ബൂത്തിലെത്തിയത്.
ഒരു കാലത്ത് ഇടതുപക്ഷ വേദികളിൽ ഹാസ്യ കഥാപ്രസംഗങ്ങളിലൂടെ ജനമനസ്സുകൾ കീഴടക്കിയ തൃക്കുളം കൃഷ്ണൻകുട്ടി നായർ, നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ വയോജന പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന അദ്ദേഹം, 85-ാം വയസ്സിലും തന്റേതായ നിലപാടുകളുമായി പൊതുരംഗത്ത് സജീവമാണ്.
ബൂത്ത് ലെവൽ ഓഫീസറായ (BLO) ഷംസുദ്ദീൻ കാനാഞ്ചേരിയാണ് കൃഷ്ണൻകുട്ടി നായരുടെ ഈ ആവേശകരമായ വോട്ടിംഗ് വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വാർദ്ധക്യത്തിലും ജനാധിപത്യ പ്രക്രിയയിൽ നേരിട്ട് പങ്കുചേരാനുള്ള അദ്ദേഹത്തിന്റെ ഈ താല്പര്യം പുതിയ തലമുറയ്ക്കും വലിയൊരു പ്രചോദനമാണ്.
English Summary: Famous storyteller and actor Thrikkulam Krishnankutty Nair (85) set an example by refusing the home voting facility and casting his vote directly at Booth 99, Katchadi PM SALPS, Tirurangadi.