എസ്.കെ.എസ് എസ്.എഫ് മലപ്പുറം ജില്ല(വെസ്റ്റ്) സർഗലയത്തിന് ഇന്ന് തുടക്കം


എസ്.കെ.എസ് എസ്.എഫ് മലപ്പുറം ജില്ല(വെസ്റ്റ്) സർഗലയത്തിന് ഇന്ന് തുടക്കം


വേങ്ങര: എസ്.കെ.എസ് എസ്.എഫ് മലപ്പുറം ജില്ല(വെസ്റ്റ്) സർഗലയം ഇസ്‌ലാമിക കലാ സാഹിത്യ മത്സരത്തിന് ഇന്ന് കുന്നുംപുറം തോട്ടശേരിയറ ഇൻതിസ്വാബ് നഗരിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലെ 18 മേഖലകളിൽ നടന്ന മത്സരങ്ങളിൽ നിന്ന് യോഗ്യത നേടിയ രണ്ടായിരത്തോളം പ്രതിഭകളാണ് 66 ഇനങ്ങളിലായി നടക്കുന്ന ജില്ലാ സർഗലയത്തിൽ മാറ്റുരക്കുന്നത്.
 ത്വലബ, ജനറൽ, സഹ്റ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വൈകീട്ട് 3 ന് മമ്പുറം മഖാം സിയാറത്തിന് എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി നേതൃത്വം നൽകും. 

തുടർന്ന് മമ്പുറം മഖാമിൽ നിന്നും സർഗലയ നഗരിയിലേക്ക് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പതാകജാഥ എത്തിച്ചേരും. പതിനാലാമത് സർഗലയത്തിന്റെ പ്രതീകമായി 14 പതാകകൾ സ്വാഗതസംഘം ചെയർമാൻ സയ്യിദ് നിയാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 14 പ്രമുഖ വ്യക്തിത്വങ്ങൾ ഉയർത്തും. 4.30 വിവിധ ദഫ് സംഘങ്ങളുടെ അകമ്പടിയോടെ കക്കാടംപുറത്ത് നിന്ന് തോട്ടശേരിയറയിൽ വരെ കലാജാഥ നടക്കും.

6.30 ന് നടക്കുന്ന പാടിപ്പറയിൽ സംഗമം എസ്. വൈ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി ഉദ്ഘാടനം ചെയ്യും.
 
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ പ്രശസ്ത കാഥികന്മാർ നേതൃത്വം നൽകും. നാളെ (ശനി) രാവിലെ 9 മണിക്ക് പ്രതിപക്ഷ ഉപ നേതാവ് ജില്ലാ സർഗലയത്തിന്റെ ഔപചാരിക ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്‌ലിയാർ,സയ്യിദ് കെ. കെ. എസ് തങ്ങൾ വെട്ടിച്ചിറ, യു. ഷാഫി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, അബ്ദുൽ ഖാദർ അൽ ഖാസിമി,കെ. എം കുട്ടി എടക്കുളം, സ്വാദിഖലി മാസ്റ്റർ ചീക്കോട് എന്നിവർ സംബന്ധിക്കും.
ശനി, ഞായർ ദിവസങ്ങളിലായി മത്സരങ്ങൾ തുടരും. ഞായറാഴ്ച വൈകീട്ട് 6.30ന് സമാപന സമ്മേളനം നടക്കും.

വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ നൗശാദ് ചെട്ടിപ്പടി, മുഹമ്മദ്കുട്ടി കുന്നുംപുറം,സർഗലയ സമിതി ചെയർമാൻ ത്വാഹ ഹുസൈൻ ദാരിമി, കൺവീനർ മമ്മുദു ഇന്ത്യനൂർ എന്നിവർ പങ്കെടുത്തു.

Previous Post Next Post
WhatsApp