തിരൂരങ്ങാടി മണ്ഡലത്തിലെ ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കെ. പി. എ മജീദ് എം. എൽ. എ യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നേരത്തെ പി. കെ അബ്ദുറബ് എം. എൽ. എ യായിരുന്ന സമയത്താണ് നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. 2021 ഫെബ്രുവരി 23ന് നിർമാണോദ്‌ഘാടനം നിർവഹിച്ചെങ്കിലും പ്രവൃത്തി ഇതുവരെ ആരംഭിച്ചിരുന്നില്ല.
കെ. റെയലിന്റെ അനുമതിയും ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ അനുമതിയും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ പദ്ധതി വൈകിയതിനാൽ നിർമാണ കരാർ എടുത്ത കമ്പനി നിർമാണ മേഖലയിൽ വന്ന വിലക്കയറ്റത്തിനാൽ പഴയ നിരക്ക് പ്രകാരം നിർമാണം ആരംഭിക്കാൻ തയ്യാറായില്ല.ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് പരപ്പനങ്ങാടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ യോഗം ചേർന്നത്. ഈ പ്രവൃത്തിയുടെ നിലവിലെ എസ്റ്റിമേറ്റ് റിവൈസ് ചെയ്തു. പുതിയ ടെൻഡർ വിളിക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനിച്ചു.
കെ. പി. എ മജീദ് അധ്യക്ഷത വഹിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ അബ്ദു റബ്, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽ സലാം, സ്പെഷ്യൽ ഇൻഫ്രാസ്ട്രച്ചർ ഓഫീസർ എം സെൻഗുട്ടൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ പ്രൊജക്റ്റ് എഞ്ചിനീയർ അതുൽ ഉണ്ണി, സൈറ്റ് എഞ്ചിനീയർ എസ് ഗോപി, റീജിയണൽ എഞ്ചിനീയർ ലക്ഷ്മി നാരായണൻ, പി. കെ ജമാൽ, ടി. കെ നാസർ, കെ. കെ സൈതലവി കോയ തങ്ങൾ, അഹമ്മദുണ്ണി, ജാഫർ കോലാക്കൽ, ഹംസ കളത്തിങ്ങൽ എന്നിവർ പങ്കെടുത്തു.
