ബാങ്കിങ് സേവനത്തിൽ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി.


 മലപ്പുറം | സേവനത്തിൽ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാവും പതിനായിരം രൂപ കോടതി ചെലവും നൽകാൻ ജില്ലാ ഉപഭോക്തൃ കമീഷൻ വിധിച്ചു.  പണം കടമെടുത്തയാളെ അറിയിക്കാതെ അധിക പലിശയും തവണയും നിശ്ചയിക്കുന്നത് അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണെന്ന് കണ്ടെത്തിയാണ് ഐസിഐസിഐ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷൻ വിധി പുറപ്പെടുവിച്ചത്.

വീടുവെക്കുന്നതിനുള്ള വായ്പക്കു വേണ്ടിയാണ് ലൈഫ് ഇൻഷുറൻസ് ഏജന്റായ പരാതിക്കാരൻ എതിർകക്ഷിയായ ബാങ്കിനെ സമീപിച്ചത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ തന്നെ ഹൗസിങ് ലോൺ അനുവദിക്കുമെങ്കിലും അതിനേക്കാൾ കുറഞ്ഞ നിരക്കായ 8 ശതമാനത്തിന് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുമെന്നറിഞ്ഞാണ് പരാതിക്കാരൻ ബാങ്കിൽ നിന്നും വായ്പയെടുത്തത്. 

ഫ്ലോട്ടിംഗ് നിരക്കിലുള്ള പലിശയ്ക്കായിരുന്നു വായ്പ അനുവദിച്ചത്. പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടവാക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ തവണ സംഖ്യ 3274 രൂപയാക്കി ഉയർത്തുകയും പ്രതിമാസ തവണകളുടെ എണ്ണം 301 ആക്കുകയും ചെയ്തതിനെ തുടർന്നു പരാതിക്കാരൻ ബാങ്കിനെ സമീപിച്ചെങ്കിലും തവണകളുടെ എണ്ണവും പ്രതിമാസ തവണ സംഖ്യയും വർധിപ്പിച്ചത് പരാതിക്കാരനെ സഹായിക്കാനാണെന്നായിരുന്നു ബാങ്കിന്റെ നിലപാട്. 

ഫ്ലോട്ടിങ് പലിശ നിരക്കിലാണ് വായ്പ എടുത്തതെങ്കിലും പലിശ വർധന അറിയിക്കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും അല്ലാതെയുള്ള നടപടി റിസർവ്വ് ബാങ്കിന്റെ നിർദ്ദേശത്തിന്റെ ലംഘനമാണെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. പ്രതിമാസ അടവു സംഖ്യയിൽ വർധന വരുത്തിയ ശേഷം പ്രതിമാസ തവണകളുടെ എണ്ണത്തിൽ ഏകപക്ഷീയമായി വരുത്തിയ വർദ്ധന അനുചിതവ്യാപാര നടപടിയാണെന്നും കമ്മീഷൻ വിധിച്ചു.

 കരാർ വ്യവസ്ഥകൾ ലംഘിച്ചതിനു പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായും കോടതി ചെലവായി പതിനായിരം രൂപയും നല്കുന്നതിന് ബാങ്കിനെതിരെ കമ്മീഷൻ ഉത്തരവിട്ടു. കരാർ പ്രകാരമുള്ള 8 ശതമാനം പലിശ കണക്കാക്കി കുടിശ്ശിക അടച്ചു തീർക്കുന്നതിന് പരാതിക്കാരനോടും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ നിർദ്ദേശിച്ചു.

Previous Post Next Post
WhatsApp