സംരംഭകരുടെ കൈപിടിച്ച് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് മന്ത്രി നാടിന് സമര്‍പ്പിച്ചു.


തിരൂര്‍ | നവ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും ലഭ്യമാക്കുന്നതിനായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രവര്‍ത്തനോദ്ഘാടനം കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ഭിന്നശേഷി - ഭിന്ന ലിംഗക്കാരുള്‍പ്പടെ 10 നവസംരംഭകര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റുള്‍പ്പടെ ഓഫീസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവിലുള്ള വന്‍കിട കമ്പനികളില്‍ മിക്കതും സ്റ്റാര്‍ട്ടപ്പുകളായി തുടങ്ങിയവയാണെന്നതിനാല്‍ ഇത്തരം നവ സംരഭകരെ കൈപിടിച്ചുയര്‍ത്തേണ്ടത് നാടിന്റെ ആവിശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ കാലഘട്ടത്തിന് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്നും മന്ത്രി പറഞ്ഞു.

 പ്രവേശന കവാടമുള്‍പ്പടെ നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടങ്ങളുടെ സമര്‍പ്പണം, ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ ഓഫീസുകള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൗരാവാകാശ രേഖ പ്രകാശനം, പിഞ്ചു കൈകളില്‍ പച്ചക്കറിത്തോട്ടം പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ അങ്കണവാടികള്‍ക്കുള്ള ആദരം എന്നിവയും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു.


ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ഡോ.കെ.ടി ജലീല്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. കുഞ്ഞുട്ടി, പി. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉഷ കാവീട്ടില്‍, ടി. ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. മുഹമ്മദ് കോയ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ. വി. സുധാകരന്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി. മുരളീധരന്‍, ബ്ലോക്ക് സി.ഡി.പി.ഒ റീന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുസ്മിത, സ്റ്റാര്‍ട്ടപ്പ് വില്ലേജ് ടെക്നിക്കല്‍ കമ്മിറ്റി അംഗം ജബാര്‍ അഹമ്മദ്, അന്‍വര്‍ സുലൈമാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


സ്റ്റാര്‍ട്ടപ്പ് വില്ലേജിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്


നവ സംരംഭകരെ കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്ന മാതൃകാ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. നൂതന ആശയങ്ങളുണ്ടായിട്ടും സ്വന്തമായി സംരംഭം തുടങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് സൗജന്യമായി നിശ്ചിത കാലത്തേക്ക് ഓഫീസ് ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. 

ബ്ലോക്ക് പഞ്ചായത്തിന്റെ നിലവിലുള്ള കെട്ടിടത്തിന് മുകളിലായി 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ 10 നവ സംരംഭകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവസരം. മൂന്ന് വര്‍ഷത്തോളം ഇന്റര്‍നെറ്റ്, ഫര്‍ണിച്ചര്‍ എന്നീ സൗകര്യങ്ങളോടെയുള്ള ഓഫീസ് കാബിന്‍ ഇവര്‍ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താം. മൂന്ന് വര്‍ഷത്തിനകം ഇവര്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തന സജ്ജമാവുകയും പുതിയ സംരംഭകര്‍ക്ക് ഓഫീസ് സൗകര്യം കൈമാറുകയും ചെയ്യും.


തിരൂര്‍ ബ്ലോക്ക് പരിധിയില്‍ നിന്നും ലഭിച്ച 66 അപേക്ഷകരില്‍ നിന്നും അഞ്ചംഗ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിലേക്കുള്ള സംരംഭകരെ തെരഞ്ഞെടുത്തത്. ഭിന്നലിംഗക്കാര്‍, ഭിന്നശേഷി വിഭാഗങ്ങളിലെ സംരംഭകര്‍ക്കായി സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം പത്തില്‍ രണ്ട് ഓഫീസ് കാബിനുകള്‍ ഭിന്ന ലിംഗക്കാരുടെയും ഭിന്നശേഷിക്കാരുടെയും സംരംഭക കൂട്ടായ്മയ്ക്ക് ലഭിക്കും. 

ലിഥിയം - അയണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ടതും ഇ-മാലിന്യങ്ങള്‍ അഥവാ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് വേസ്റ്റുകള്‍ ശേഖരിക്കുന്ന സംരംഭവും ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിലുണ്ടാകും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ഇ-മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതോടൊപ്പം ഇത്തരം മാലിന്യങ്ങള്‍ കൈമാറുന്നവര്‍ക്ക് പണം ലഭിക്കുന്നുവെന്നതുമാണ് ഈ സംരംഭത്തെ വേറിട്ടതാക്കുന്നത്. ഇതോടെ ഹരിത കര്‍മസേനയുടെ സഹായത്തോടെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് പാഴ് വസ്തുക്കളോടൊപ്പം ഇ-മാലിന്യങ്ങളും ശേഖരിക്കുന്നതിനും വഴിയൊരുങ്ങും.

Previous Post Next Post
WhatsApp