നാദാപുരത്ത് റാഗിങ്ങിനിടെ വിദ്യാർഥിക്ക് ക്രൂരമര്‍ദനം; ഇടതു ചെവിയുടെ കർണപുടം അടിച്ചു തകർത്തു.


 കോഴിക്കോട് |  നാദാപുരം എംഇടി കോളജിൽ വിദ്യാർഥിക്കു റാഗിങ്ങിന്റെ പേരിൽ ക്രൂരമർദനം. സീനിയർ വിദ്യാർഥികൾ ഒന്നാം വർഷ ബികോം വിദ്യാർഥി നിഹാല്‍ ഹമീദിന്റെ ഇടതു ചെവിയുടെ കർണപുടം അടിച്ചു തകർത്തു. പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്നു നിഹാല്‍ ഹമീദ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നാദാപുരം പൊലീസിൽ പരാതി നൽകി. 


കഴിഞ്ഞ 26 ന് വസ്ത്രധാരണത്തെ ചൊല്ലി സീനിയർ വിദ്യാർഥികൾ ഭീഷണി മുഴക്കിയെന്നും അതിക്രൂരമായി ആക്രമിച്ചതെന്നും  നിഹാല്‍ ഹമീദ് പരാതിയിൽ പറയുന്നു. ധരിച്ചിരുന്ന ഷർട്ട് കീറിയെറിഞ്ഞതിനു പിന്നാലെയാണ് ആക്രമണം. ഒന്നാം വർഷ ബിസിഎ വിദ്യാർഥി മുഹമ്മദ് സലാവുദ്ദീൻ, ഒന്നാം വർഷ ബികോം വിദ്യാർഥി മുഹമ്മദ് റാദിൻ എന്നിവർക്കൊപ്പമാണ് സംഘം നിഹാലിനെയും മർദിച്ചത്.


ഗുരുതരമായി പരുക്കേറ്റ നിഹാൽ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കേൾവിശക്തി വീണ്ടെടുക്കാൻ ശസ്ത്രക്രിയക്ക് റഫർ ചെയ്തിട്ടുണ്ട്. റാഗിങ് പരാതി ലഭിച്ചയുടനെ കോളജിലെ എട്ട് സീനിയർ വിദ്യാർഥികളെ സ‌സ്‌പെൻഡ് ചെയ്‌തായി കോളജ് അധികൃതർ അറിയിച്ചു.  നിഹാല്‍ ഹമീദിന്റെ കൈകൾക്കും പരുക്കുണ്ട്. ദേഹമാസകലം മർദനമേറ്റ പാടുകളും ഉണ്ട്. 

Previous Post Next Post
WhatsApp