ഓൺലൈൻ വ്യാപാരത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടു; യുവാവിനെ ബന്ദിയാക്കി ബന്ധുക്കളോട് വിലപേശിയ 5 പേർ പിടിയിൽ


ഓൺലൈൻ വ്യാപാരത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടു; യുവാവിനെ ബന്ദിയാക്കി ബന്ധുക്കളോട് വിലപേശിയ 5 പേർ പിടിയിൽ

മലപ്പുറം: ഓൺലൈൻ വ്യാപാരത്തിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ യുവാവിനെ ബന്ദിയാക്കിയ സംഭവത്തിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. നിക്ഷേപ തുക സ്വീകരിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ശേഷം ബന്ധുക്കളോട് വിലപേശുകയായിരുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 10000 രൂപ ലഭിക്കുന്ന ഓൺലൈൻ ട്രേഡിങ്ങിലാണ് പണം നഷ്ടപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. അഞ്ചുപേരും ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നു.

മലപ്പുറം കാളികാവ് സ്വദേശിയായിരുന്നു പണം സ്വീകരിച്ചിരുന്നത്. ആദ്യ രണ്ടുമാസങ്ങളിൽ കൃത്യമായി ഇവർക്ക് പണം ലഭിച്ചു. പിന്നീട് സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് പണം സ്വീകരിച്ചയാൾ ഒഴിഞ്ഞുമാറി. പണം ലഭിക്കാതെ വന്നതോടെ നിക്ഷേപം സ്വീകരിച്ച യുവാവിനെ ബിസിനസിന്റെ ആവശ്യമാണെന്നു പറഞ്ഞ് വിളിച്ചുവരുത്തി തടങ്കലിൽ വെക്കുകയായിരുന്നു. യുവാവിനെ മുൻനിർത്തി ബന്ധുക്കളോട് വിലപേശുകയായിരുന്നു ഉദ്ദേശം.

തുടർന്ന് വിവരം ബന്ധുക്കളെ അറിയിച്ചു. ആദ്യം എടവണ്ണയിലേക്കും പിന്നീട് വണ്ടൂരിലേക്കും വരാൻ ബന്ധുക്കളോട് സംഘം ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ബന്ധുക്കൾ വ്യാഴാഴ്ച വൈകീട്ടോടെ എടവണ്ണ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ, പ്രതികളിൽ ഒരാളുടെ ബന്ധുവിന്റെ ആൾതാമസം ഇല്ലാത്ത വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചയോടെ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസേടുത്തിരുക്കുന്നത്.
Previous Post Next Post
WhatsApp