ഭക്ഷണം കഴിക്കാനെത്തിയവര്‍ ഹോട്ടല്‍ ഉടമയെ മൃഗീയമായി മര്‍ദിച്ചു
MARCH 21, 2024 10:14 PM IST
കോഴിക്കോട് വെങ്ങാലിയില്‍ ഹോട്ടല്‍ ഉടമയെ ഒരു സംഘം യുവാക്കള്‍ മൃഗീയമായി മര്‍ദിച്ചെന്ന് പരാതി. എരഞ്ഞിക്കല്‍ സ്വദേശിയായ ബൈജുവിനാണ് കടയില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ മര്‍ദിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവം നടക്കുന്നത് ഇന്നലെ രാത്രിയില്‍. ബൈജുവും സഹോദരും ചേര്‍ന്ന് നടത്തുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കൈ കഴുകാന്‍ പോയപ്പഴാണ് അതിഥിത്തൊഴിലാളികള്‍ക്ക് ആദ്യം മര്‍ദനമേറ്റത്. അതേസമയം, കടയില്‍ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു കടയുടമ ബൈജു. അതിഥിത്തൊഴിലാളികളെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് തന്നെയും മര്‍ദിച്ചതെന്ന് ബൈജു പറഞ്ഞു. പ്രദേശവാസികള്‍ തന്നെയാണ് അക്രമികളെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
മുഖത്ത് സാരമായി പരുക്കേറ്റ ബൈജുവിനെ ഉടനെ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പത്തോളം തുന്നലുണ്ട്. എലത്തൂര്‍ പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി. എന്നാല്‍ പ്രതികള്‍ ആരൊക്കെയെന്ന് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. മനപ്പൂര്‍വം മര്‍ദിക്കാന്‍ ചെന്നവരല്ലെന്നും വാക്കുതര്‍ക്കം മര്‍ദനത്തിലേക്കെത്തിയെന്നുമാണ് പൊലീസ് ഭാഷ്യം. അതേസമയം, അതിഥിത്തൊഴിലാളികളായ ജീവനക്കാരാണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്നാണ് യുവാക്കളുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്.