പാലക്കാട് കാട്ടുപന്നിയുടെ ആക്രമണം : സ്ത്രീയുടെ കാൽ കടിച്ചുമുറിച്ചു
പാലക്കാട്: സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചു. കുഴൽമന്ദം സ്വദേശി തത്തയുടെ കാലാണ് കാട്ടുപന്നി കടിച്ചു മുറിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിറകുവശത്ത് കരിയിലകൾ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലിൽ പന്നി കടിച്ചുപിടിച്ചു.
ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാൽമുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്‌ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണ്.
പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്നൊരു പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്‌നമുന്നയിച്ച് നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.