KSRTC ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍; സൗകര്യങ്ങളൊരുക്കി ലൈസൻസ് നേടാൻ അടിയന്തരനിര്‍ദേശം
കെ.എസ്.ആർ.ടി.സിയുടെ 22 ഡ്രൈവിങ് സ്കൂളുകള്‍ മാർച്ച് 30 നുള്ളില്‍ ആരംഭിക്കും. ഇതിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മോട്ടോർവാഹനവകുപ്പില്‍നിന്ന് ഡ്രൈവിങ് സ്കൂള്‍ ലൈസൻസ് നേടാൻ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിർദേശം നല്‍കി.
ആവശ്യമായ രേഖകള്‍ സഹിതം ഉടൻതന്നെ ഓണ്‍ലൈനില്‍ അപേക്ഷ സമർപ്പിക്കണം. ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫീസ്, പാർക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ടത്. പരിശീലകരെയും നിയോഗിക്കണം. പരീശീലന ഹാളിലേക്കുവേണ്ട യന്ത്രസാമഗ്രികള്‍ സെൻട്രല്‍, റീജിയണല്‍ വർക്ക്ഷോപ്പ് മേധാവികള്‍ ഒരുക്കണം.
പരിശീലന വാഹനങ്ങള്‍ക്ക് ഇരട്ട നിയന്ത്രണ സംവിധാനം (ക്ലച്ച്, ബ്രേക്ക്) എന്നിവയും രണ്ടാഴ്ചയ്ക്കുള്ളില്‍ സജ്ജീകരിക്കും. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളേജ് മേധാവിക്കാണ് മേല്‍നോട്ടച്ചുമതല. ഡിപ്പോമേധാവിമാർ ഒരോ ദിവസത്തെയും പുരോഗതി ട്രെയിനിങ് കോളേജ് പ്രിൻസിപ്പളിനെ അറിയിക്കണം.
അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, ആറ്റിങ്ങല്‍, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്കൂളുകള്‍ വരുക. ടെസ്റ്റിങ് ഗ്രൗണ്ടുകള്‍ ഒരുക്കാൻ ഡ്രൈവിങ് സ്കൂളുകാർ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സിയെക്കൊണ്ട് ഗതാഗത വകുപ്പ് ഡ്രൈവിങ് സ്കൂളുകള്‍ ആരംഭിക്കുന്നത്.