രാജ്യറാണിയിൽ പോകുന്നവർക്ക് ഇനി നേരിട്ട് തിരുവനന്തപുരത്ത് ഇറങ്ങാം, ഇങ്ങനെ
നിലമ്പൂർ∙ ആർസിസിയിലേക്ക് പോകാൻ ഉൾപ്പെടെ രാജ്യറാണിയിൽ തിരുവനന്തപുരത്തേക്കു തിരിക്കുന്നവർക്ക് കൊച്ചുവേളിയിൽ ഇറങ്ങേണ്ട. നിലമ്പൂർ– കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ഒന്ന് മുതൽ നാഗർകോവിൽ കണക്‌ഷൻ ട്രെയിൻ ആയി സർവീസ് തുടങ്ങി. തിരുവനന്തപുരം യാത്രക്കാർക്ക് കൊച്ചുവേളിയിൽ ഇറങ്ങി ബസ്, ഓട്ടോറിക്ഷ എന്നിവയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇതോടെ ഒഴിവായത്. നേരിട്ട് തിരുവനന്തപുരത്തേക്കോ നാഗർകോവിൽ വരെയോ, തിരിച്ചോ യാത്ര ചെയ്യാം.
നേരത്തേ രാജ്യറാണി തിരുവനന്തപുരം സെൻട്രൽ വരെ സർവീസ് നടത്തിയിരുന്നു. 2019 മേയ് മുതൽ കാെച്ചുവേളി വരെയാക്കി. നിലമ്പൂർ - മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഉൾപ്പെടെ സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോൾ അനുവദിച്ചത്. പി.വി.അബ്ദുൽ വഹാബ് എംപി ഉന്നതതലത്തിൽ ചെലുത്തിയ സമ്മർദവും ഫലം ചെയ്തു . 16349 /16350 കൊച്ചുവേളി - നിലമ്പൂർ, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസുകൾ ആണ് നാഗർകോവിൽ നിന്നും, കൊച്ചുവേളിയിൽ നിന്നും 06428/ 06433 നാഗർകോവിൽ-തിരുവനന്തപുരം-കൊച്ചുവേളി അൺറിസർവ്ഡ് എക്‌സ്പ്രസ് ആയി സർവീസ് നടത്തുന്നത്.
നിലമ്പൂരിൽനിന്നുള്ള രാജ്യറാണി എക്‌സ്പ്രസ് കൊച്ചുവേളിയിൽ എത്തുമ്പോൾ തിരുവനന്തപുരം സെൻട്രലിലേക്ക് കണക്‌ഷൻ വണ്ടിയായി കൊച്ചുവേളി -തിരുവനന്തപുരം -നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ് ആയി സർവീസ് നടത്തും. തിരുവനന്തപുരത്തേക്ക് റിസർവ് ചെയ്യുമ്പോൾ രാജ്യറാണി കൊച്ചുവേളി എന്നാണ് കാണിക്കുകയെങ്കിലും ഈ ടിക്കറ്റിൽ തിരുവനന്തപുരം വരെ യാത്ര ചെയ്യാം. തിരിച്ച് നാഗർകോവിലിൽ നിന്നോ, തിരുവനന്തപുരത്തുനിന്നോ നേരിട്ട് നിലമ്പൂർവരെയും റിസർവ് ചെയ്യാം. കൊച്ചുവേളിയിൽനിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ട്.
നാഗർകോവിൽ-തിരുവനന്തപുരം വണ്ടി വൈകിട്ട് 6.20ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 7.55ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. അവിടെനിന്ന് 7.58ന് പുറപ്പെട്ട് 8.20ന് കൊച്ചുവേളിയിൽ എത്തും. തുടർന്ന് 9ന് നിലമ്പൂർക്ക് പുറപ്പെടും. നിലമ്പൂരിൽനിന്ന് രാത്രി പുറപ്പടുന്ന എക്‌സ്പ്രസ് പുലർച്ചെ 5.30നാണ് കൊച്ചുവേളിയിൽ എത്തുക.6.30ന് കൊച്ചുവേളിയിൽനിന്ന് കൊച്ചുവേളി-തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ് സർവീസ് പുറപ്പെട്ട് 6.45ന് തിരുവനന്തപുരം സെൻട്രലിലും 8.55ന് നാഗർകോവിലിലും എത്തും.