റഫറിയുടെ തെറ്റായ തീരുമാനം: ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി
12.06.2024
. ദക്ഷിണ കൊറിയക്കാരൻ റഫറിയുടെ തെറ്റായ തീരുമാനത്തിന് ഇന്ത്യക്ക് വിലയായി നൽകേണ്ടിവന്നത് ലോകകപ്പ് ഫുട്‌ബോൾ യോഗ്യത. ദോഹയിലെ ജാസിം ഹമാദ് സ്‌റ്റേഡിയത്തിൽ വിവാദങ്ങൾക്കൊടുവിൽ ഖത്തറിനോട് 1–-2ന് തോറ്റ് ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടിൽനിന്ന് പുറത്തായി. ആദ്യപകുതിയിൽ ലല്ലിയൻസുവാല ചാങ്‌തെയുടെ മിന്നുംഗോളിൽ മുന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചടി.
എ ഗ്രൂപ്പിൽനിന്ന് ഒന്നാംസ്ഥാനക്കാരായി ഖത്തറും (16 പോയിന്റ്) രണ്ടാമതായി കുവൈത്തും (7) മൂന്നാംറൗണ്ടിലേക്ക് മുന്നേറി. ഇന്ത്യക്ക് ആറ് കളിയിൽ അഞ്ച് പോയിന്റാണ്. കുവൈത്ത് ഒരു ഗോളിന് അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ചതും ഇരുട്ടടിയായി.
സുനിൽ ഛേത്രി വിരമിച്ചശേഷം ആദ്യകളിക്കിറങ്ങിയ ഇന്ത്യ ഖത്തറിന്റെ യുവനിരയ്‌ക്കെതിരെ പിടിച്ചുനിന്നു. പ്രതിരോധം ശക്തിപ്പെടുത്തി തക്കം കിട്ടുമ്പോൾ ആക്രമിക്കുക എന്നതായിരുന്നു പരിശീലകൻ ഇഗർ സ്‌റ്റിമച്ചിന്റെ പദ്ധതി. ഇത് ഫലം കാണുകയും ചെയ്‌തു. 37–-ാംമിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസ് നൽകിയ അളന്നുമുറിച്ച പാസിൽ ചാങ്‌തെയുടെ ഇടപെടൽ. ഇടംകാൽ കൃത്യമായി വച്ചുകൊടുത്തു ഈ മിസോറമുകാരൻ. ഖത്തറിന്റെ ഹൃദയം പിളർത്തി ഗോൾ.
ആത്മവിശ്വാസം വർധിപ്പിച്ച ഇന്ത്യയെയാണ് പിന്നീട് കണ്ടത്. എന്നാൽ, ഒറ്റനിമിഷംകൊണ്ട് വീര്യം ചോർന്നു. എഴുപത്തിമൂന്നാംമിനിറ്റിലാണ് ഖത്തർ സമനില ഗോൾ കണ്ടെത്തിയത്. ഇന്ത്യയുടെ ഗോൾപോസ്റ്റിന് അപ്പുറം പുറത്തുപോയ പന്ത് അൽ ഹഷ്‌മി അൽ ഹുസൈൻ കാലുകൊണ്ട് അകത്തേക്ക് വലിച്ചിട്ടു. പിന്നാലെ യൂസഫ് അയ്‌മേൻ ലക്ഷ്യം കാണുകയും ചെയ്‌തു.
ഗോൾകീപ്പറും ക്യാപ്‌റ്റനുമായ ഗുർപ്രീത് സിങ് സന്ധുവും സഹതാരങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും റഫറി കിം വൂസുങ് തീരുമാനത്തിൽ ഉറച്ചു. ലൈൻ റഫറിയും ഗോളെന്ന നിലപാടിലായിരുന്നു. പന്ത് വരയ്‌ക്ക് പുറത്തായത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ പരിശോധന (വാർ) ഇല്ലാത്തതും തിരിച്ചടിയായി. ഒറ്റഗോളിൽ തളർന്ന ഇന്ത്യയെ അഹമ്മദ് അൽ റാവി തീർത്തു.
*ലോകകപ്പ് അകലെയാണ് ;* ഏഷ്യയിൽനിന്ന് എട്ട് ടീമുകൾക്ക് നേരിട്ട് യോഗ്യത
ഫുട്‌ബോൾ ലോകകപ്പ് കളിക്കുകയെന്ന ഇന്ത്യൻ സ്വപ്‌നം ഒരിക്കൽകൂടി പൊലിഞ്ഞു. യോഗ്യതയുടെ മൂന്നാംറൗണ്ടിലേക്ക് മുന്നേറാനുള്ള സുവർണാവസരമാണ് കളഞ്ഞുകുളിച്ചത്. ആകെ ഒമ്പത് ഗ്രൂപ്പുകളാണ് ഏഷ്യയിലെ രണ്ടാം യോഗ്യതാ റൗണ്ടിനുണ്ടായത്. 36 ടീമുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് കടക്കും. അതായത് 18 ടീമുകൾ. ഈ സംഘങ്ങൾ അടുത്ത ഏഷ്യൻ കപ്പിനും 2026 ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടിന്റെ മൂന്നാംഘട്ടത്തിലേക്കും ടിക്കറ്റ് ഉറപ്പിക്കും.
മൂന്നാംറൗണ്ടിൽ ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളാണുണ്ടാകുക. ഈ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാർക്ക് നാലാംറൗണ്ടുമുണ്ട്. ഇങ്ങനെ നാലാംറൗണ്ടിലേക്ക് കടക്കുന്ന ആറ് ടീമുകൾ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യന്മാർ യോഗ്യത നേടും. ഗ്രൂപ്പ് റണ്ണറപ്പായി വരുന്ന രണ്ട് ടീമുകൾ ഇരുപാദ പ്ലേ ഓഫിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ വൻകര പ്ലേ ഓഫിൽ ഏഷ്യയുടെ പ്രതിനിധികളാകും.
കഴിഞ്ഞ ലോകകപ്പിൽ ആതിഥേയരായ ഖത്തർ ഉൾപ്പെടെ ആറ് ഏഷ്യൻ ടീമുകളാണ് കളിച്ചത് (ഇറാൻ, സൗദി അറേബ്യ, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ). 2026 ലോകകപ്പിൽ 48 ടീമുകളാണുള്ളത്. കഴിഞ്ഞതവണ 32 ആയിരുന്നു. ടീമുകളുടെ എണ്ണംകൂട്ടിയതാണ് വൻകര പ്രാതിനിധ്യം കൂട്ടിയത്.