പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ചൊവ്വാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വവിവിഝ സംഘടനകളുമായി ചര്‍ച്ച നടത്താനൊരുങ്ങി സര്‍ക്കാര്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്‌സ്2 ലാണ് ചര്‍ച്ച. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
വടക്കന്‍ കേരളത്തില്‍ പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായ ശേഷവും കുട്ടികള്‍ക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പലയിടത്തും മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും കെഎസ്‌യു തടഞ്ഞു. തിരുവനന്തപുരത്ത് ഔദ്യോഗിക വസതിക്ക് മുന്നില്‍ വിദ്യാഭ്യാസ മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു. മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറിലും കരിങ്കൊടി കെട്ടി.