'ബിഗ് സല്യൂട്ട് സുനിൽ ഛേത്രി'- പ്രതിഭാ പൂര്‍ണ ഫുട്ബോൾ യാത്രയ്ക്ക് ആനന്ദ നഗരത്തിൽ വിരാമം!
കൊല്‍ക്കത്ത: ഉജ്ജ്വലവും ത്യാഗ സമ്പന്നവുമായ ഒരു ഫുട്ബോൾ കാലത്തിനു ആനന്ദങ്ങളുടെ നഗരമായ കൊൽക്കത്തയിൽ തിരശ്ശീല വീണു. നായകൻ സുനിൽ ഛേത്രിയുടെ ഇന്ത്യൻ ജേഴ്സിയിലെ അവിസ്മരണീയ യാത്രയ്ക്ക് വിരാമം.
20 വര്‍ഷത്തോളം നീണ്ട ഒരു സമ്മോഹന ഫുട്ബോള്‍ കരിയര്‍ കാലത്തിനു സമര്‍പ്പിച്ചാണ് ഇതിഹാസ താരം പടിയിറങ്ങുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ കുതിപ്പും കിതപ്പും ആവോളം കണ്ട ഒരു അപൂര്‍വ ഫുട്ബോള്‍ കരിയര്‍.
കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ലോങ് വിസിൽ മുഴങ്ങിയതോടെ, ഇന്ത്യയെ ഏതാണ്ട് ഒറ്റയ്ക്ക് വർഷങ്ങളായി തോളിലെടുത്ത ഒരു മനുഷ്യൻ അടുത്ത തലമുറയിലേക്ക് തന്റെ പ്രതിഭാ പൂർണമായ ഇതിഹാസ കരിയർ സമർപ്പിച്ച് സ്റ്റേഡിയം വിട്ടു...
39ാം വയസിലാണ് ഐതിഹാസിക യാത്രക്ക് ഛേത്രി വിരാമമിടുന്നത്. ഇന്ത്യക്കായി 150 മത്സരങ്ങൾ കളിച്ച് 94 ഗോളുകൾ നേടിയ ഛേത്രിയാണ് ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരൻ. ലോകത്തെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, അലി ദേയി, ലയണൽ മെസി എന്നിവരാണ് ചേത്രിക്ക് മുന്നിൽ.