യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, കോഴിക്കോട്-ജിദ്ദ വിമാനത്തിന് കണ്ണൂരിൽ അടിയന്തിര ലാന്റിംഗ്

ജിദ്ദ- കോഴിക്കോട്നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിന് കണ്ണൂരിൽ അടിയന്തിര ലാന്റിംഗ്. വിമാനത്തിൽ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് പൈലറ്റ് കണ്ണൂരിലേക്ക് തിരിച്ചുവിട്ടത്. വിമാനം പറന്നുയർന്ന് ഏകദേശം ഒന്നര മണിക്കൂർ പിന്നിട്ട ശേഷമായിരുന്നു അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് വിമാനത്തിലെ യാത്രക്കാരൻ മലപ്പുറം സ്വദേശി ലുഖ്മാനുൽ ഹഖീം ദ മലയാളം ന്യൂസിനോട് പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ ഉടൻ തന്നെ ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. കണ്ണൂരിൽ ലാന്റ് ചെയ്ത ശേഷം യുവതിക്ക് വിദഗ്ധ ചികിത്സ നൽകാനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ കൂടെ അഞ്ചു വയസുള്ള മകനുമുണ്ടായിരുന്നു.