പശ്ചിമബംഗാളിലെ ട്രെയിൻ അപകടം, മരണം 15 ആയി, സഹായം പ്രഖ്യാപിച്ച് കേന്ദ്രം

കൊൽക്കത്ത- പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിലെ ന്യൂ ജൽപായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപം കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റ് ഉൾപ്പെടെ 15 പേർ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. ചരക്കു ട്രെയിൻ സിഗ്നൽ മറികടന്ന് കാഞ്ചൻജംഗ എക്‌സ്പ്രസിലേക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.
അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോവുകയായിരുന്നു കാഞ്ചൻജംഗ എക്‌സ്‌പ്രസ്. പിന്നിൽ നിന്ന് വന്ന ചരക്ക് ട്രെയിൻ കാഞ്ചൻജംഗ എക്‌സ്‌പ്രസിൽ ഇടിക്കുകയായിരുന്നു.കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്. കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ 3 ബോഗികൾ പൂർണമായും തകർന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായധനം നല്‍കുമെന്നും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് അന്പതിനായിരം രൂപ വീതം സഹായവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
പശ്ചിമംബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, രാഷ്ട്രപതി ദ്രൗപതി മുർമു എന്നിവർ ദുരന്തത്തിൽ അനുശോചനം അറിയിച്ചു.