അടുത്തകാലത്തായി നിരന്തരം അപ്ഡേറ്റുകൾ നൽകി ആപ്പിനെ കൂടുതൽ മെച്ചപ്പെടുത്താനുളള തയ്യാറെടുപ്പിലാണ് മെറ്റ. തങ്ങളുടെ മാർക്കറ്റിലെ മറ്റ് എതിരാളികളിൽ നിന്നെല്ലാം ബഹുദൂരം മുന്നിലെത്തുന്നതിനായി സമസ്ത മേഖലകളിലും വാട്സാപ്പ് മെച്ചപ്പെടുത്തലുകൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ആപ്പിലെ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് മെറ്റ. അപരിചിതമായ നമ്പറുകളിൽ നിന്ന് സ്പാം മെസേജുകൾ വന്നാൽ അവയെ ഉപഭോക്താക്കളുടെ
ശ്രദ്ധയിലേക്കെത്തിക്കാനുളള തയ്യാറെടുപ്പാണ് വാട്സാപ്പ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ അപരിചിതമായ നമ്പറിൽ നിന്നും ആദ്യമായി ഒരു സന്ദേശം ഉപഭോക്താക്കൾക്ക് ലഭിക്കുമ്പോൾ ആപ്പിൽ പുതിയൊരു സ്ക്രീൻ തെളിയും. ഇത്തരത്തിലുളള സന്ദേശങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നാണ് സ്ക്രീനിൽ തെളിയുക.ഈ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയോ മോഡറേഷൻ ടീമിന് റിപ്പോർട്ട് ചെയ്യുകയോ ചെയ്യാം. പ്രൊഫൈൽ നെയിമും, പ്രൊഫൈൽ ഫോട്ടോയും ഫോൺ നമ്പറിന്റെ കൺട്രി കോഡും ശ്രദ്ധിക്കണമെന്ന നിർദേശവും വാട്സാപ്പ് ഇതിൽ നൽകും.
കൂടാതെകോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത നമ്പറിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ ഉപഭോക്താവ് വായിക്കുമ്പോൾ സന്ദേശം വായിച്ച വിവരം അയച്ചയാൾ അറിയുന്നത് തടയാനുള്ള സൗകര്യവും വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്. അപരിചിതമായ നമ്പറിൽ നിന്ന് വാട്സാപ്പിൽ സന്ദേശം ലഭിക്കുമ്പോൾ നിങ്ങൾ അതിന് മറുപടി അയച്ചാൽ മാത്രമേ സന്ദേശം വായിച്ചതായുള്ള ബ്ലൂ ടിക്ക് അപ്പുറത്തുള്ളയാൾ കാണൂ.
അല്ലെങ്കിൽ ആ കോൺടാക്റ്റ് ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്യണം.പുതിയ സുരക്ഷാ ഫീച്ചറുകൾ തത്ക്കാലം വാട്സാപ്പിന്റെ ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ലഭ്യമാവുക.