മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം: വിചിത്ര നടപടിയുമായി പോലീസ്


കൊല്ലം- മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ വിചിത്ര നടപടിയുമായി പോലീസ്. അപകടത്തിൽ പോലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കുമെതിരെ കൊട്ടാരക്കര പോലീസാണ് കേസെടുത്തത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ചത്. സംഭവത്തിൽ പോലീസിനെതിരെ കടുത്ത ആരോപണവുമായി ആംബുലൻസ് ഡ്രൈവർ നിതിൻ രംഗത്തെത്തിയിരുന്നു. 

കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ, തന്നെ പ്രതിയാക്കാൻ നീക്കമെന്നാരോപിച്ച് ആംബുലൻസ് ഡ്രൈവർ രംഗത്തെത്തിയിരുന്നു. കേസ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസ് ആക്ഷേപിച്ചു. സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചു. കുപ്പത്തൊട്ടിയിൽ കളയാൻ പറഞ്ഞു. മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും ചോദിച്ചു. ആശുപത്രിയിൽ ആയതിനാൽ സഹോദരൻ സന്തോഷാണ് സ്റ്റേഷനിൽ പോയതെന്ന് നിതിൻ വ്യക്തമാക്കി.
ഇതിനിടെ പരാതിയുമായി രോഗിയുടെ ഭർത്താവും രംഗത്തുവന്നു. വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണ്. പോലീസ് സിഗ്‌നൽ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടത്. സൈറൻ മുഴക്കിയിരുന്നെന്നും അശ്വകുമാർ പറഞ്ഞു. മന്ത്രി സ്വന്തം കാര്യം നോക്കിപ്പോയി. അടുത്തേക്ക് വരാനുള്ള മനസ് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പോലീസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. 


ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രി വി. ശിവൻകുട്ടി. 
ആംബുലൻസ് ഡ്രൈവർ നിതിൻ, ആംബുലൻസിലുണ്ടായിരുന്ന രോഗി ദേവിക, ഭർത്താവ് അശ്വകുമാർ, ശൂരനാട് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജുലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. 
Previous Post Next Post
WhatsApp