സഊദിയിലെ അൽഅഹ്സയിൽ വൻ തീപിടുത്തം: ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചു
ദമാം: കിഴക്കൻ സഊദിയിലുണ്ടായ തീപിടുത്തത്തിൽ പത്ത് പേർ വെന്ത് മരിച്ചു. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ വൻ തീപിടുത്തത്തിൽ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. വൈകിട്ടോടെയുണ്ടായ തീപിടുത്തത്തിൽ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്. 2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചനയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നവോദയ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ അൽഹസ്സ നവോദയ പ്രവർത്തകർ തുടർ നടപടികൾ പൂർത്തീകരിക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്.