കൊല്ലം - തനിക്ക് വിഷമമുണ്ടായ ഘട്ടത്തിലെല്ലാം സഹായം നൽകിയ വ്യക്തിയായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി.
താൻ നേരിട്ട നീതി നിഷേധത്തിന്റെ സമയത്ത് തനിക്ക് പൂർണ പിന്തുണ നൽകിയ നേതാവാണ് ഉമ്മൻ ചാണ്ടി. നീതി ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ മറക്കാനാവില്ലെന്നും ഉമ്മൻചാണ്ടിയെന്ന ആ ജനകീയ നേതാവിന്റെ വേർപാടിൽ അതിയായി ദുഃഖിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി ജാമ്യവ്യവസ്ഥകൾ ഇളവ് ചെയ്തശേഷം ബെംഗ്ലൂരുവിൽനിന്നും ജന്മനാട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഅ്ദനി.
സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഇപ്പോഴുണ്ടായത് അത്യപൂർവ്വമായ വിധിയാണ്. പിതാവിനെ കാണാൻ പോകാമെന്ന പ്രതീക്ഷ മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. പക്ഷേ, അതിനപ്പുറമുള്ള വിധിയാണ് ഉണ്ടായത്, വിധി തന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്. സംസ്ഥാന സർക്കാർ തനിക്ക് അനുകൂലമായ നിലപാടെടുത്തു. മനുഷ്യത്വപരമായ സമീപനമാണ് എല്ലാവരിൽ നിന്നും ഉണ്ടായത്. കെ.സി വേണുഗോപാലിനും വി.എം സുധീരനും നന്ദി അറിയിക്കുന്നുവെന്നും കർണാടകയിൽ ഭരണമാറ്റം കൊണ്ട് തനിക്ക് നേരെ സ്വീകരിച്ചിരുന്ന ദ്രോഹ സമീപനം കുറഞ്ഞുവെന്നും മഅ്ദനി വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഉച്ചയോടെ എത്തിയ മഅ്ദനിക്ക് ആവേശകരമായ സ്വീകരണമാണ് ജന്മനാടായ അൻവാർശേരിയിൽ നൽകിയത്. ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് സ്വീകരണ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.45നാണ് മഅ്ദനി അൻവാർശ്ശേരിൽ എത്തിയത്. ദഫ്മുട്ടിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് പി.ഡി.പി പ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും അദ്ദേഹത്തെ വരവേറ്റത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് അൻവാർശ്ശേരിയിൽ എത്തിയത്.
വ്യാഴാഴ്ച രാവിലെ 11.40 ഓടെ ബെംഗളുരുവിൽ നിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിയ മഅ്ദനിയെ ഭാര്യ സൂഫിയ മഅ്ദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ അനുഗമിച്ചു.
കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിൽ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്കായി വേണമെങ്കിൽ പൊലീസ് അനുമതിയോടെ കൊല്ലത്തിന് പുറത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.