ഇന്ത്യൻ ഫുട്‌ബോളിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സംഭവനയായ മിന്നും താരം സഹൽ അബ്ദുൽസമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹത്താണ് വധു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
'എന്റെ പങ്കാളിയെ കണ്ടെത്തി, കാര്യങ്ങൾ ഔദ്യോഗികമാക്കി' എന്ന അടിക്കുറിപ്പോടെ വിവാഹനിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. വധൂ വരന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിൽക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതോടെ, ജീവിതത്തിലെ പുതിയ യാത്രയ്ക്ക് കിക്ക് ഓഫ് ചെയ്ത സഹലിനും വധുവിനും ആശംസകൾ അറിയിച്ച് ആരാധകരും രംഗത്തെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേരും വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലുണ്ട്.