ശ്രീഹരിക്കോട്ട - ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്.
ആഗ്‌സത് 23-നോ 24-നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് വിലയിരുത്തൽ. 2019-ൽ തലനാരിഴയ്ക്ക് നഷ്ടമായ ദൗത്യം ഇക്കുറി പഴുതുകളെല്ലാം അടച്ചാണ് പ്രതീക്ഷയോടെ ഐ.എസ്.ആർ.ഒ ഭ്രമണപഥത്തിലേക്ക് അയച്ചത്. യു.എസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടെ സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
വിക്ഷേപണം ഒരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. വിക്ഷേപണം കഴിഞ്ഞ് 16-ാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടുമെന്നാണ് വിലയിരുത്തൽ. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്രയുണ്ടാവുക.
ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക. ഇതിന് ശേഷമാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ് ഉണ്ടാവുക. ചന്ദ്രയാൻ രണ്ടിന് സാധിക്കാതെ പോയത് ചന്ദ്രയാൻ മൂന്നിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐ.എസ്.ആർ.ഒയുള്ളത്.
മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ദൗത്യം. ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ റോവർ, ലാൻഡറിനെ ചന്ദ്ര ഭ്രമണപഥം വരെയെത്തിക്കാൻ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ഇവ. ആകെ ഭാരം 3900 കിലോഗ്രാമിൽ ലാൻഡറിന്റെ ഭാരം 1752 കിലോ മാത്രമാണ്. 26 കിലോഗ്രാമാണ് റോവറിന്റെ ഭാരം. ആറ് ചക്രങ്ങളുള്ള റോവറിൽ ലാൻഡിങ്ങിന് സഹായിക്കാൻ 9 സെൻസറുകളാണ് ഉള്ളതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
43.5 മീറ്റർ ഉയരവും 642 ടൺ ഭാരവുമുള്ള ഇതിന് ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാം ഘട്ടത്തിൽ ദ്രവ ഇന്ധനവും മൂന്നാം ഘട്ടത്തിൽ ക്രയോജനിക് ഇന്ധനവുമാണ് കുതിപ്പേകുക.