യു.ടി ഖാദർ കർണാടക സ്പീക്കർ; തെരഞ്ഞെടുപ്പ് എതിരില്ലാതെ


യു.ടി ഖാദർ കർണാടക സ്പീക്കർ; തെരഞ്ഞെടുപ്പ് എതിരില്ലാതെ

ബംഗളൂരു - കർണാടക നിയമസഭ സ്പീക്കറായി മംഗളൂരുവിൽ നിന്നുള്ള മലയാളി എം.എൽ.എ യു.ടി ഖാദർ (53) തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.

പുതിയ സ്പീക്കറെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് ബസവരാജെ ബൊമ്മെ എന്നിവർ ചേർന്ന് സീറ്റിലേക്ക് ആനയിച്ചു. സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിമാണ് യു.ടി ഖാദർ.
 ദക്ഷിണ കന്നടയിലെ കാവി കോട്ടകളിൽ വിള്ളലുണ്ടാക്കി കോൺഗ്രസ് വേരുകൾ പടർത്തിയ യു.ടി ഖാദർ ഇത്തവണ ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഭീഷണി മറികടന്ന് 22790 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തുടർച്ചയായി അഞ്ചാം തവണയും വിജയക്കൊടി പാറിച്ചത്. 2013ലെ സിദ്ധരാമയ്യ സർക്കാറിൽ ഭക്ഷ്യമന്ത്രിയായും 2022ൽ പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
 കാസർകോട് ഉപ്പള പള്ളം സ്വദേശിയായിരുന്ന പിതാവ് യു.ടി ഫരീദ് 1972, 1978, 1999, 2004 തെരഞ്ഞെടുപ്പുകളിൽ ഉള്ളാൾ മണ്ഡലത്തിൽ നിന്ന് (ഇപ്പോഴത്തെ മംഗളൂരു) എം.എൽ.എയായിരുന്നു. 2007ൽ പിതാവിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് മുതൽ അഭിഭാഷകൻ കൂടിയായ യു.ടി ഖാദർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
 ഖാദറിന്റെ ഭാര്യ ലമീസ് കാസർകോട് ചട്ടഞ്ചാൽ സ്വദേശിയാണ്. മകൾ ഹവ്വ നസീമ ഖുർആൻ മനഃപാഠമാക്കിയതും സ്‌കൂൾവിദ്യാഭ്യാസം നടത്തിയതും കേരളത്തിൽനിന്നായിരുന്നു.
Previous Post Next Post
WhatsApp