സിദ്ദീഖിനെ കൊന്നത് ഹണി ട്രാപ്പിന്റെ ഭാഗമായി, മുറിയെടുത്തത് ഫർഹാന പറഞ്ഞിട്ട്


സിദ്ദീഖിനെ കൊന്നത് ഹണി ട്രാപ്പിന്റെ ഭാഗമായി, മുറിയെടുത്തത് ഫർഹാന പറഞ്ഞിട്ട്

കോഴിക്കോട്- ഒളവണ്ണയിൽ ഹോട്ടൽ നട്തതുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖി(58)നെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തി ശരീരം രണ്ടായി മുറിച്ച് ട്രോളി ബാഗിൽ തള്ളിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവം ഹണി ട്രാപ്പാണെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് പറഞ്ഞു. സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലയ്ക്ക് കാരണം. 
കൊല്ലപ്പെട്ട സിദ്ദീഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചത് പ്രതികളിൽ ഒരാളായ ഫർഹാനയാണ്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. നഗ്നനാക്കി ഫോട്ടോ എടുക്കാനുള്ള ശ്രമം സിദ്ദീഖ് എതിർത്തു. ഇതോടെ നേരത്തെ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഫർഹാന ഷിബിലിക്ക് നൽകി. ഷിബിലി ചുറ്റിക ഉപയോഗിച്ച് സിദ്ദീഖിന്റെ തലക്ക് അടിച്ചു. നിലത്തുവീണ സിദ്ദീഖിനെ ആഷിക്ക് നെഞ്ചിൽ ചവിട്ടി. കൊലപ്പെടുത്തിയ ശേഷം പുറത്തുനിന്ന് ഇലക്ട്രിക് കട്ടറും ട്രോളി ബാഗുകളും വാങ്ങി. സിദ്ദീഖും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളായിരുന്നു. അതുവഴി സിദ്ദീഖിനെ ഫർഹാനക്ക് അറിയാമായിരുന്നു. ഫർഹാന പറഞ്ഞത് അനുസരിച്ചാണ് സിദ്ദീഖ് ഷിബിലിക്ക് ജോലി നൽകിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖ് മുറിയെടുത്തത് ഫർഹാന പറഞ്ഞിട്ടായിരുന്നു.

Previous Post Next Post
WhatsApp