ഇ പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും അവതാളത്തിൽ
കോഴിക്കോട് - സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വീണ്ടും കല്ലുകടി. ഈ പോസ് മെഷീൻ സർവറിലെ തകരാറ് കാരണമാണ് റേഷൻ വിതരണത്തിന് തടസ്സമുണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു. കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതുമൂലം റേഷൻ വിതരണം അവതാളത്തിലായിരിക്കുകയാണെന്ന് വ്യാപാരികളും റേഷൻ കാർഡ് ഉടമകളും പ്രതികരിച്ചു.
എന്നാൽ, സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും സാങ്കേതിക തകരാർ അര മണിക്കൂറിനകം പരിഹരിക്കാനാകുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പ്രതികരിച്ചു.
പാലക്കാട് താലൂക്കിൽ 167 റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സാരഥികൾ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ 1100 കടകളിലും പ്രതിസന്ധിയുണ്ടായി. ഇ പോസ് തകരാർ കാരണം എറണാകുളം ജില്ലയിലെ 80 ശതമാനം കടകളിലും വിതരണം തടസ്സപ്പെട്ടെന്ന് വ്യാപാരികൾ പറഞ്ഞു. 1300 ൽ അധികം റേഷൻ കടകളാണ് ജില്ലയിലുള്ളത്. വയനാട്ടിലും പലയിടങ്ങളിലും ഇ പോസ് മെഷീൻ പ്രവർത്തിക്കുന്നില്ല.
സെർവർ തകരാർ കാരണം കഴിഞ്ഞ മാസം പകുതിയിലേറെ കാർഡുടമകൾക്ക് റേഷൻ മുടങ്ങിയിരുന്നു. ഇടയ്ക്കിടെ ഇത്തരത്തിലുള്ള തകരാറുകൾ ഉണ്ടാകുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത് പരിഹാരിക്കാനുള്ള ശാശ്വത പരിഹരം ഉണ്ടാവണമെന്ന് ഇവർ ആവശ്യപ്പെട്ടു.