അബുദാബി/ദുബായ്; ദുബായിൽനിന്ന് മംഗളൂർക്ക് ഇന്നലെ പുലർച്ചെ 2.25ന് പോകേണ്ടിയിരുന്ന airindia in വിമാനം വൈകിയത് 11 മണിക്കൂറിലേറെ.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐ.എക്സ് 814) വിമാനമാണ് വൈകിയത്. ഇത് സംബന്ധിച്ച വിവരം യാത്രക്കാരെ അറിയിക്കാത്തത് പ്രയാസം ഉണ്ടാക്കി. ശനിയാഴ്ച രാത്രി പത്തരയോടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ പതിവുപോലെ കൗണ്ടറിൽ നിന്നെങ്കിലും ചെക്കിൻ ആരംഭിച്ചില്ല. സിസ്റ്റം തകരാറായതിനാൽ യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം. കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടതോടെ യാത്രക്കാർ ബഹളം വച്ചു. ഇതോടെ നാട്ടിൽ നിന്നുള്ള വിമാനം എത്തിയിട്ടില്ലെന്നും ഒരു മണിക്കൂറിനകം വരുമെന്നുമായി അധികൃതരുടെ വിശദീകരണം. സമയം ഏറെ കഴിഞ്ഞിട്ടും വിമാനം എത്താതായതോടെ യാത്രക്കാർ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയ ഇതോടെ ദുബായ് എയർപോർട്ട് അധികൃതർ ഇടപെട്ട് യാത്രക്കാരോട് വീട്ടിലേക്കു തിരിച്ചുപോകാനും വിമാനം വരുന്ന അറിയിപ്പ് ലഭിച്ചാൽ മാത്രം എത്തിയാൽ മതിയെന്നും പറഞ്ഞു. ഇതനുസരിച്ച് യാത്രക്കാർ തിരിച്ചുപോയി. എന്നാൽ ഒരു മണിക്കൂറിനകം തന്നെ ഫോണിൽ ഇവരെ വിളിച്ച് 3 മണിയോടെ ചെക്കിൻ ആരംഭിക്കുമെന്നും വിമാനത്താവളത്തിൽ എത്തണമെന്നും ആവശ്യപ്പെട്ടു. പ്രതീക്ഷയോടെ യാത്രക്കാരെല്ലാം ഉടൻ വിമാനത്താവളത്തിൽ തിരികെ എത്തി. എന്നാൽ ക്യൂവിൽ മണിക്കൂറുകളോളം നിന്നെങ്കിലും വിമാനം മാത്രം എത്തിയില്ല. ഇതോടെസ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ വലഞ്ഞു. യാത്രക്കാരിൽ കാസർകോട്, കണ്ണൂർ ജില്ലയിൽനിന്നുള്ളവരായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.
ഭക്ഷണം, താമസം തുടങ്ങി ആവശ്യമായ സൗകര്യങ്ങളൊന്നും എയർലൈൻ നൽകിയില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. 11 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് വിമാനം പുറപ്പെട്ടത്.