ഉപരിപഠന സൗകര്യമില്ലാതെ മലബാറിലെ വിദ്യാർത്ഥികൾ; സർക്കാർ ഉത്തരവദിതം നിർവഹിക്കണം: പികെ കുഞ്ഞാലിക്കുട്ടി
എസ്.എസ്.എൽ.സി കഴിഞ്ഞ് ഉപരിപഠനത്തിന് സൗകര്യമില്ലാതെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ മലബാറിൽ പ്രയാസം അനുഭവിക്കുകയാണെന്നും നിസ്സംഗത വെടിഞ്ഞ് സർക്കാർ ഉത്തരവാദിത്തം നിർവ്വഹിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അഡീഷണൽ ബാച്ച് നൽകി പ്രശ്‌നം പരിഹരിച്ചിരുന്നു. ആവശ്യമെങ്കിൽ കോഴ്‌സുകൾ അനുവദിച്ചിരുന്നു. ഓരോ ജില്ലയുടെയും ആവശ്യം അനുസരിച്ചാണ് ഇത് ചെയ്തിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ അനങ്ങുന്നില്ല. സർക്കാർ യഥാസമത്ത് പരിഹാരം കാണുകയാണ് വേണ്ടത്.
ആറേഴ് കൊല്ലമായി ഈ പ്രശ്‌നത്തിന് മുകളിൽ അടയിരിക്കാൻ തുടങ്ങിയിട്ട്. ഇതിനു മാത്രം കാശില്ലെന്നാണ് പറയുന്നത്. മലബാർ മേഖലയിൽ പതിനായിരങ്ങൾ ഉപരിപഠന സൗകര്യമില്ലാതെ നിൽക്കുകയാണ്. ഇടുക്കി പോലുള്ള ജില്ലകളിലും ഈ പ്രശ്‌നമുണ്ട്. കുറവുള്ളിടത്ത് കൊടുക്കുക എന്നത് മാത്രമാണ് പരിഹാരം. യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് സർക്കാർ പെരുമാറുന്നത്. ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കും സീറ്റില്ലാത്ത അവസ്ഥയാണ്. ജില്ലാ പഞ്ചായത്ത് ക്ലാസ്സ് മുറികൾ ഉണ്ടാക്കി നൽകിയിട്ടും സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ദേശീയ തലത്തിൽ മതേതരകക്ഷികൾക്ക് പുതിയ ഉണർവ് കൈവന്നിട്ടുണ്ട്. പ്രതിപക്ഷ ഐക്യത്തിന് മുസ്ലിം ലീഗ് കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.