റിയാദ്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയരാക്കുന്നു. സ്വര്‍ണവും ഇലക്ട്രിക് ഉപകരണങ്ങളുമടക്കം എല്ലാ വസ്തുക്കള്‍ക്കും നികുതി ഈടാക്കുകയാണ് കസ്റ്റംസ് വിഭാഗം. നികുതി അടക്കാന്‍ പണമില്ലെങ്കില്‍ സാധനങ്ങള്‍ പിടിച്ചുവെക്കുകയും സ്ലിപ്പുകള്‍ നല്‍കി തിയതിയും സംഖ്യയും കുറിച്ചുനല്‍കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
കഴിഞ്ഞ രണ്ടാഴ്ച മുതലാണ് കര്‍ശന പരിശോധന തുടങ്ങിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരമാസകലം തൊട്ടുപരിശോധിക്കുന്നുണ്ട്. പഴയ ആഭരണങ്ങള്‍ വരെ അഴിപ്പിക്കുന്ന അനുഭവമാണ് കഴിഞ്ഞ ദിവസം പലരും പങ്കുവെച്ചത്. കസ്റ്റംസ് പരിശോധന വിഭാഗം ഇവ അഴിപ്പിച്ച് ഡയറക്ടറുടെ ഓഫീസിലേക്ക് വിളിച്ചുകൊണ്ടുപോകും. നിരവധി പേരെ ഇങ്ങനെ കൊണ്ടുപോയി ലൈന്‍ നിര്‍ത്തുകയാണ്. ശേഷം കസ്റ്റംസ് ഓഫീസറുടെ ചോദ്യം ചെയ്യല്‍. ആഭരണങ്ങള്‍ അഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും വിവര ശേഖരണത്തിന് ഒരു ഉദ്യോഗസ്ഥന്‍ മാത്രമേയുള്ളൂ. യാത്രക്കാര്‍ വിവരങ്ങള്‍ കൈമാറാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. സ്വന്തം ആവശ്യത്തിന് കാലങ്ങളായി ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്ക് പോലും രക്ഷയില്ല. പഴയ ആഭരണങ്ങള്‍ക്ക് പുതിയ ആഭരണങ്ങളുടെ വിലയിട്ട് നികുതി ഈടാക്കുകയാണ് ചെയ്യുന്നത്. നികുതി ഡോളറിലോ റിയാലിലോ ദിര്‍ഹമിലോ അടക്കമുള്ള വിദേശകറന്‍സികളില്‍ നല്‍കണമെന്നുമാണ് കസ്റ്റംസ് ഓഫീസര്‍ കുറിച്ചുനല്‍കുന്നത്.
സന്ദര്‍ശന വിസയില്‍ സൗദിയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് സ്‌കൂള്‍ അവധിയില്‍ നിരവധി കുടുംബങ്ങളാണ് എത്തിയിരുന്നത്. സ്‌കൂള്‍ തുറക്കാനായതോടെ അവരെല്ലാം ഒന്നിച്ചുതിരിച്ചുവരികയാണ്. ഇതാണ് കരിപ്പൂര്‍ കസ്റ്റംസിന് ചാകരയായത്. റിയാദ് അടക്കമുളള ഗള്‍ഫ് പ്രദേശങ്ങളില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനങ്ങളില്‍ ഇപ്പോള്‍ സഞ്ചരിക്കുന്നവരില്‍ പകുതിയിലേറെ കുടുംബങ്ങളാണ്. ഇവരില്‍ പലരും അണിഞ്ഞിരിക്കുന്ന ആഭരണങ്ങളിലാണ് കസ്റ്റംസ് കണ്ണ് നട്ടിരിക്കുന്നത്. പുരുഷന്മാര്‍ 50000 രൂപക്കും സ്ത്രീകള്‍ ഒരുലക്ഷം രൂപക്കും മുകളിലുള്ള ആഭരണങ്ങള്‍ കൊണ്ടുവരരുതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കസ്റ്റംസ് പരിശോധന ചുമതലയുള്ള വനിതാ ഉദ്യോഗസ്ഥര്‍ പഴയ ആഭരണങ്ങള്‍ വരെ അഴിപ്പിക്കുകയാണെന്നാണ് പല വനിതായാത്രക്കാരും പറയുന്നു. മുന്‍കാലങ്ങളില്‍ പഴയ ആഭരണങ്ങള്‍ അഴിപ്പിച്ചിരുന്നില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉണ്ടെങ്കിലും അതുവഴിയുള്ള പരിശോധനക്ക് ഉദ്യോഗസ്ഥര്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. ആളുകളുടെ വസ്ത്രങ്ങളില്‍ തടവിയുള്ള പരിശോധനക്കാണ് ഉദ്യോഗസ്ഥരുടെ താത്പര്യം.
പിഴയടക്കാന്‍ പലര്‍ക്കും എഴുതിക്കൊടുക്കുന്ന പേപ്പറിലാണ് പ്രത്യേക തിയതികളില്‍ പ്രത്യേക സമയത്ത് വിദേശ കറന്‍സിയുമായെത്തി ടാക്‌സ് അടക്കാന്‍ ആവശ്യപ്പെടുന്നത്. ആഭരണങ്ങളെല്ലാം ഇറക്കുമതി ഇനത്തില്‍ പെടുത്തിയാണ് നികുതി ഈടാക്കുന്നത്. രാവിലെയാണ് കരിപ്പൂരില്‍ വിമാനങ്ങള്‍ ഒന്നിച്ചെത്തുന്നത്. ഈ സമയത്താണ് യാത്രക്കാരെ വലച്ചുള്ള പരിശോധനയും നടക്കുന്നത്. അതേസമയം രാജ്യത്ത് മറ്റൊരു വിമാനത്താവളത്തിലും ഇത്തരമൊരു പരിശോധനയില്ലെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
സ്വര്‍ണനാണയങ്ങള്‍ എത്ര ചെറിയ അളവിലായാലും പിടിക്കുന്നുണ്ട്. വന്‍തുക നികുതിയടച്ചാല്‍ മാത്രമേ ഇവ തിരിച്ചുതരികയുള്ളൂ.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണകള്ളക്കടത്ത് നടക്കുന്നുണ്ട്. ദിനം പ്രതിയെന്നോണം കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും നിരവധി പേര്‍ പിടിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ അത്യാവശ്യ ആഭരണങ്ങള്‍ പിടിക്കുന്ന കരിപ്പൂര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നീക്കത്തിലാണ് സാധാരണക്കാരായ പ്രവാസികളുടെ പ്രതിഷേധം.