സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാവര ജംഗമ വസ്തുക്കൾ; ധനസ്രോതസ് അടക്കം പൂർണ വിവരങ്ങൾ നൽകണം
തിരുവനന്തപുരം - സർക്കാർ ജീവനക്കാർ സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർ വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ പൂർണ വിവരവും രേഖകളും വേണമെന്നാണ് പുതുക്കിയ നിർദ്ദേശങ്ങളിൽ ഉള്ളത്.
വാഹനം വാങ്ങുമ്പോൾ വില വ്യക്തമാക്കുന്ന ഇൻവോയ്‌സ് ഹാജരാക്കണം. വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ ധനസ്രോതസിന്റെ രേഖയും നല്കണം. വ്യക്തിഗത നിക്ഷേപമാണെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ പാസ് ബുക്കും ഹാജരാക്കണം.
വായ്പയാണെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ അനുമതി പത്രവും പണയമാണെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ കത്തും രേഖകളും വേണം. പഴയ വാഹനം വിറ്റതാണെങ്കിൽ അതിന്റെ വില ഉൾപ്പെടെയുള്ള രേഖകളും മറ്റേതെങ്കിലും ധനസ്രോതസുകളാണെങ്കിൾ അതിന്റെ രേഖകളും ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്.