രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അക്രമകേസിലാണ് കന്റോൺമെന്റ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്യും.
നവകേരളസദസ്സിനുനേരെനടന്ന പ്രതിഷേധങ്ങളെ പോലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബർ 20-ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി.
കേസിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. പോലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്. സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കുപുറമേ പോലീസ് ആക്ടിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുത്തത്.