ജിയോ എയർ ഫൈബർ സേവനം ഇനി കേരളത്തിലുടനീളം
കൊച്ചി: റിലയൻസ് ജിയോ എയർ ഫൈബർ സേവനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിച്ചു. കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ഇതുവരെ ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്. സെപ്റ്റംബർ 19-നായിരുന്നു രാജ്യത്ത് ജിയോ എയർ ഫൈബറിന് തുടക്കമിട്ടത്. കേബിൾ എത്താത്ത ഇടങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതാണ് എയർ ഫൈബർ.
ജിയോ എയർ ഫൈബർ പ്ലാനിൽ 30 എം.ബി.പി.എസ്. സ്പീഡിൽ അൺലിമിറ്റഡ് ഡേറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എം.ബി.പി.എസ്. സ്പീഡിൽ 899 രൂപയുടെയും 1,199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1,199 രൂപയുടെ പ്ലാനിൽ നെറ്റ് ഫ്ളിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒ.ടി.ടി. പ്ലാറ്റുഫോമുകൾ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒ.ടി.ടി. ആപ്പുകളുണ്ടാകും.
550-ഓളം മുൻനിര ഡിജിറ്റൽ ടി.വി. ചാനലുകളും ഹൈ-ഡെഫനിഷനിൽ ലഭ്യമാകും. വൈഫൈ റൂട്ടർ, 4കെ സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സ്, വോയ്സ് ആക്ടീവ് റിമോട്ട് എന്നിവ അടങ്ങുന്നതാണ് കണക്ഷൻ.
technology news, business news, latest news, jio, jio fiber