| കേരള എസ്റ്റേറ്റ് ചീനിപ്പാടത്ത് മണ്ണിടിച്ച് നിരപ്പാക്കിയ സ്ഥലം. |
മലയോരത്ത് പ്രകൃതി ചൂഷണവും കയറ്റവും വ്യാപകമെന്ന് പരാതി
കരുവാരകുണ്ട് : മലയോര മേഖലയിൽ പ്രകൃതി ചൂഷണവും കയറ്റവും വ്യാപകമാണെന്ന് പരാതി. അധികൃതരുടെ മൗനാനുവാദവും ഒത്താശയോടും കൂടിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കുന്നിടിച്ച് നിരപ്പാക്കുക, പുഴയോരങ്ങൾ കയ്യേറുക , കുന്നുകളിൽ നിന്ന് മണ്ണെടുക്കുക, പാറകൾ പൊട്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് മലയോരം കേന്ദ്രീകരിച്ച് നടത്തുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കേരള എസ്റ്റേറ്റ് വില്ലേജിൽ ചീനിപ്പാടത്ത് പാറകൾ പൊട്ടിക്കുകയും മണ്ണിടിച്ച് സ്ഥലം നിരപ്പാക്കുകയും ചെയ്തതിന് നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു രണ്ട് വാഹനങ്ങൾ പിടികൂടിയിരുന്നു. മണ്ണുമാന്തിയും ടിപ്പർ ലോറിയുമാണ് പിടിച്ചെടുത്തിരുന്നത്. നാലുമാസം മുൻപാണ് ചീനിപ്പാടത്ത് ഇത്തരം പ്രവർത്തികൾ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിൽ നിന്ന് കെട്ടിട നിർമ്മാണത്തിനുള്ള അനുമതി ലഭിച്ച ശേഷമാണ് കുന്നിടിച്ച് നിരപ്പാക്കൽ ആരംഭിച്ചതത്രെ. കേരള എ സ്റ്റേറ്റ് വില്ലേജ് അധികൃതർ ഗ്രാമപഞ്ചായത്തിൽ നിന്ന് പ്രവൃത്തിയെ കുറിച്ച് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ അളവിൽ കൂടുതൽ മണ്ണിട്ട് നികത്തിയതായും കുന്നിടിച്ചതായും ഗ്രാമപഞ്ചായത്ത് അധികൃതർ റവന്യൂ അധികാരികളെ ബോധിപ്പിച്ചു. പക്ഷേ ഗ്രാമപഞ്ചായത്ത് തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പരാതി.സാധാരണക്കാർക്ക് വീട് വെക്കാൻ ഭൂമിയിൽ മണ്ണിട്ട് നികത്താൻ നിയമത്തിന്റെ നൂലാമാലകൾ ഏറെയായിരിക്കെ ഇത്തരത്തിൽ വ്യാപകമായി പ്രകൃതി ചൂഷണം ചെയ്യുന്നത് തടയാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന പരാതി.